പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍: രണ്ട് കേന്ദ്രമന്ത്രിമാര്‍, സുപ്രീംകോടതി ജഡ്ജി, മാധ്യമപ്രവര്‍ത്തകരുടേതടക്കം ഫോണ്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: രാജ്യത്തെ ഉന്നതരുടെ ഫോണ്‍ സംഭാഷണം ഇസ്രായേല്‍ ചാര സോഫ്റ്റ് വെയറായ പെഗാസസ് ഉപയോഗിച്ച് ചോര്‍ത്തിയതായി റിപ്പോര്‍ട്ട്. രണ്ട് കേന്ദ്രമന്ത്രിമാരുടെയും സുപ്രീംകോടതി ജഡ്ജിയുടെയും നാല്‍പതോളം മാധ്യമപ്രവര്‍ത്തകരുടെയും ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയതായാണ് റിപ്പോര്‍ട്ട്.

ഇന്ന് ഉച്ചയോടെ ബിജെപി നേതാവ് സുബ്രഹ്‌മണ്യം സ്വാമിയാണ് ഇസ്രായേല്‍ ചാര സോഫ്റ്റ്വെയറായ പെഗാസസ് ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കളുടെയും മാധ്യമപ്രവര്‍ത്തകരുടെയും ഫോണ്‍ ചോര്‍ത്തുന്നുവെന്ന് ട്വീറ്റ് ചെയ്തത്.

ഇതിന് പിന്നാലെയാണ് രാത്രി 9.30 ഓടെ ഫോണ്‍ ചോര്‍ത്തലിന്റെ നിര്‍ണായക വിവരങ്ങള്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുറത്തുവിട്ടത്. മോഡി സര്‍ക്കാരിലെ നിലവിലുള്ള രണ്ട് മന്ത്രിമാരുടെ ഫോണുകളും മൂന്ന് പ്രതിപക്ഷ നേതാക്കളുടെ ഫോണുകളും ഒരു സുപ്രീംകോടതി ജഡ്ജിയുടെ ഫോണും നാല്‍പ്പത്തിലേറെ മാധ്യമപ്രവര്‍ത്തകരുടെ ഫോണുകളും ചില വ്യവസായികളുടെ ഫോണുകളും ചോര്‍ത്തിയതായാണ് പുറത്തു വരുന്ന വിവരം. ഹിന്ദുസ്ഥാന്‍ ടൈംസ്, ദ ഹിന്ദു, നെറ്റ് വര്‍ക്ക് 18 എന്നീ സ്ഥാപനങ്ങളിലെ മാധ്യമപ്രവര്‍ത്തകരുടെ ഫോണുകളും ചോര്‍ത്തപ്പെട്ടിട്ടുണ്ട്.

ഇസ്രായേല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൈബര്‍ കമ്പനിയായ എന്‍.എസ്.ഒ. ഗ്രൂപ്പ് വികസിപ്പിച്ച സോഫ്റ്റ്വെയര്‍ പ്രോഗ്രാമാണ് പെഗാസസ്. മൊബൈല്‍ ഫോണുകളില്‍ നുഴഞ്ഞുകയറി പാസ് വേഡ്, ബന്ധപ്പെടുന്ന ആളുകളുടെ വിവരങ്ങള്‍, വന്നതും അയച്ചതുമായ മെസേജുകള്‍, ക്യാമറ, മൈക്രോഫോണ്‍, സഞ്ചാരപഥം, ജിപിഎസ് ലോക്കേഷന്‍ തുടങ്ങി മുഴുവന്‍ വിവരവും ചോര്‍ത്താന്‍ ഇതിലൂടെ സാധിക്കും.

Exit mobile version