ബുലന്ദ്‌ശെഹര്‍ ആക്രമണത്തിന് പിന്നില്‍ സ്വാധീനമില്ലാതായ ചില രാഷ്ട്രീയ പാര്‍ട്ടികള്‍; യോഗി ആദിത്യനാഥ്

ലഖ്‌നൗ: ഗോവധത്തിന്റെ പേരില്‍ ബുലന്ദ്‌ശെഹരില്‍ നടന്ന ആക്രമണത്തിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്ത് സ്വാധീനമില്ലാതായ ചില രാഷ്ട്രീയ പാര്‍ട്ടികളാണ് അക്രമത്തിന് പിന്നിലെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു.

സാധാരണക്കാരായ ജനങ്ങളുടെ ജീവിതം ഇല്ലാതാക്കുന്ന മദ്യലോബികളെ പുകഴ്ത്തുന്ന പാര്‍ട്ടികളാണ് അക്രമത്തിന് പിന്നിലുള്ളത്. സ്വാധീനം നഷ്ടമായതോടെ അവര്‍ പരസ്പരം കൂട്ടുചേര്‍ന്നിരിക്കുകയാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

ഗോഹത്യയുടെ പേരില്‍ സാമുദായിക പ്രശ്‌നങ്ങളുണ്ടാക്കാനും, സര്‍ക്കാരിന്റെ പ്രതിഛായ തകര്‍ക്കാനുമാണ് എതിരാളികള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഭരണകൂടത്തിന്റെ സുസജ്ജമായ നടപടികള്‍ എതിരാളികളുടെ ശ്രമങ്ങളെ നിഷ്ഫലമാക്കിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ബുലന്ദ്‌ശെഹര്‍ അക്രമത്തെക്കുറിച്ച് നേരത്തെ പറഞ്ഞതില്‍ നിന്ന് വേറിട്ട അഭിപ്രായമാണ് ഇപ്പോള്‍ യോഗി ആദിത്യനാഥ് പറഞ്ഞിരിക്കുന്നത്. ബുലന്ദ്‌ശെഹര്‍ അക്രമം യാദൃശ്ചികമാണെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. ഗോവധത്തിന്റെ പേരില്‍ നടന്ന ആക്രമണത്തില്‍ ഒരു പോലീസുകാരന്‍ ഉള്‍പ്പടെ രണ്ട് പേര്‍ മരിച്ചിരുന്നു.

Exit mobile version