രാഷ്ട്രീയ പാര്‍ട്ടി യാത്രകള്‍ കൊലവിളികള്‍ ഒളിപ്പിച്ച് വെക്കുന്ന ആഘോഷയാത്രകളാണ് ; ജോയ് മാത്യൂ

തൃശൂര്‍: രാഷ്ട്രീയ പാര്‍ട്ടികളുടെ യാത്രകള്‍ക്കും, രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കും, ഹര്‍ത്താലിനുമെതിരെ വിമര്‍ശനവുമായി നടന്‍ ജോയ്മാത്യൂ. ഘോഷയാത്രകള്‍ ജനങ്ങളെ പേടിപ്പിക്കാനുള്ളതാണ്. അത് ജനസമ്പര്‍ക്കമായാലും ജനമൈത്രി ആയാലും ജനസംരക്ഷണമായാലും ഇനി മറ്റുവല്ല പേരിലായാലും എല്ലാം കൊലവിളികള്‍ ഉള്ളില്‍ ഒളിപ്പിച്ച് വെച്ചുള്ള ആഘോഷയാത്രകളാണെന്ന് ജോയ്മാത്യൂ ഫേയ്‌സ് ബുക്കില്‍ കുറിച്ചു. കാസര്‍ഗോഡ് രണ്ട് ചെറുപ്പക്കാര്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് ജോയ്മാത്യൂവിന്റെ വിമര്‍ശനം.

ഫേയ്‌സ് ബുക്ക് പോസ്റ്റ്:

ശവഘോഷയാത്രകള്‍
—————————————-ഘോഷയാത്രകള്‍ ജനങ്ങളെ പേടിപ്പിക്കാനുള്ളതാണ് .അത് ജനസമ്പര്‍ക്കമായാലും ജനമൈത്രി ആയാലും ജനസംരക്ഷണമായാലും ഇനി മറ്റുവല്ല പേരിലായാലും എല്ലാം കൊലവിളികള്‍ ഉള്ളില്‍ ഒളിപ്പിച്ച് വെച്ചുള്ള ആഘോഷയാത്രകളാണ് .അപരനെ പോരിന് വിളിക്കുകയാണ് ഓരോ പാര്‍ട്ടിക്കാരനും . ബലിയാകുന്നതോ സാധാരണക്കാരായ ജനങ്ങളും .

ഇന്നു കാസര്‍കോഡ് രണ്ടു ചെറുപ്പക്കാരാണ് കൊലക്കത്തിക്കിരയായത് . നാളെ സര്‍വ്വകക്ഷി യോഗം ചേരും ,നേതാക്കള്‍ പരസ്പരം കൈകൊടുത്തും കെട്ടിപ്പിടിച്ചും പിന്നെ ചായകുടിച്ചും പിരിയും .കൊല്ലപ്പെട്ടവരുടെ വേര്‍പാട് സൃഷ്ടിക്കുന്ന ദുഃഖം അവരുടെ സ്വന്തക്കാര്‍ക്കും ബന്ധുക്കള്‍ക്കും മാത്രം .

ഒരു ഹര്‍ത്തല്‍ പ്രഖ്യാപിച്ചാല്‍ മരിച്ചവര്‍ തിരിച്ചു വരുമോ ? പുതിയൊരു സമരരൂപം പോലും വിഭാവനം ചെയ്യാന്‍ കഴിയാത്ത, ഒരു പണിയും ചെയ്തു ശീലമില്ലാത്ത ഘോഷയാത്രികരായ ഈ വാഴപ്പിണ്ടി രാഷ്ട്രീയക്കാരെ തിരസ്‌കരിക്കാന്‍ കഴിയുന്ന ഒരു തലമുറയ്‌ക്കെ ഇനി ഈ നാടിനെ രക്ഷിക്കാനാകൂ .

എല്ലാ പാര്‍ട്ടിക്കാരും അവരുടെ (ആ)ഘോഷയാത്രകള്‍ തുടങ്ങുന്നത് കാസര്‍കോട്ട് നിന്നുമാണ് . ഇമ്മാതിരി ശവഘോഷയാത്രകള്‍ ഇനി ഈ ജില്ലയില്‍ നിന്നും തുടങ്ങേണ്ട എന്ന് കാസര്‌കോട്ടുള്ളവര്‍ ഒന്ന് മനസ്സ് വെച്ചാ മതി. അങ്ങിനെ ഓരോ ജില്ലക്കാരും ഇതുപോലെ തീരുമാനിക്കുന്ന കാലം വരുമെന്ന് നമുക്ക് സ്വപ്നം കാണാനെങ്കിലും കഴിയട്ടെ

Exit mobile version