മുറിയില്‍ പ്രത്യേക പൂജ, മന്ത്രിക്കസേരയില്‍ മന്ത്രിച്ച ചരട്: പുതിയ ആരോഗ്യമന്ത്രിയുടെ ഔദ്യോഗിക തുടക്കം ഇങ്ങനെ

ന്യൂഡല്‍ഹി: രണ്ടാം നരേന്ദ്ര മോഡി മന്ത്രിസഭയിലെ പുതിയ ആരോഗ്യ മന്ത്രിയായി മന്‍ഷുക് മന്‍ഡാവിയ അധികാരേമറ്റു. ഓഫീസില്‍ നടത്തിയ പ്രത്യേക പ്രാര്‍ഥനകള്‍ക്കും പൂജകള്‍ക്കും ശേഷമാണ് ആരോഗ്യമന്ത്രി അധികാരമേറ്റത്. മന്ത്രിച്ച ചരട് ഔദ്യോഗിക കസേരയ്ക്ക് മുകളില്‍ കെട്ടുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്.

രണ്ടാം കോവിഡ് വ്യാപനം രൂക്ഷമായിരിക്കെയാണ് ഡോ. ഹര്‍ഷ് വര്‍ദ്ധനെ മാറ്റിയ മോഡി സര്‍ക്കാര്‍ ദൗത്യം മന്‍ഡാവിയയെ ഏല്‍പ്പിക്കുന്നത്. കോവിഡ് പ്രതിരോധത്തില്‍ സര്‍ക്കാര്‍ പൂര്‍ണ പരാജയമാണെന്ന വിമര്‍ശനങ്ങള്‍ക്കിടെ ഹര്‍ഷ് വര്‍ദ്ധനെ പുറത്താക്കിയത് ബിജെപിക്ക് ക്ഷീണമാവും.

അതേസമയം, വകുപ്പിനെ കുറിച്ച് പഠിച്ച് തന്നെ രംഗത്തിറങ്ങുകയാണ് അദ്ദേഹം. ആരോഗ്യ മന്ത്രിസ്ഥാനം ഏറ്റെടുക്കുന്നതിന് മുന്‍പ് കഴിഞ്ഞ ആറു ദിവസമായി മാണ്ഡവ്യ രാജ്യത്തെ പ്രമുഖ വാക്‌സീന്‍ നിര്‍മാണ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയായിരുന്നു. വളം, കെമിക്കല്‍ വകുപ്പുകളുടെ സഹമന്ത്രിയായ മാണ്ഡവ്യ ആരോഗ്യ വകുപ്പിലേക്കെത്തും മുന്‍പുള്ള ഒരുക്കമായാണ് ഈ സന്ദര്‍ശനത്തെ വിദഗ്ധര്‍ കാണുന്നത്. സീറം ഇന്‍സ്റ്റിറ്റ്യൂട്ട് (പുണെ), സൈഡസ് (അഹമ്മദാബാദ്), കോവാക്‌സീന്‍ (അഹമ്മദാബാദ്) എന്നീ കമ്പനികളുടെ കേന്ദ്രങ്ങളിലാണ് മാണ്ഡവ്യ എത്തിയത്.

ഗുജറാത്ത് കാര്‍ഷിക സര്‍വകലാശാലയില്‍ നിന്ന് വെറ്ററിനറി സയന്‍സില്‍ ബിരുദം നേടിയ ആളാണ് മാണ്ഡവ്യ. പിന്നീട് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദവും സ്വന്തമാക്കി. എബിവിപിയിലൂടെ വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ തിളങ്ങിയ മാണ്ഡവ്യ ബിജെപിയിലൂടെ നേതൃനിരയിലെത്തി.

2002 ല്‍ 28ാം വയസ്സില്‍ നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 2012ല്‍ ഗുജറാത്തില്‍ നിന്ന് രാജ്യസഭയിലെത്തി. 2016ല്‍ കേന്ദ്രമന്ത്രിസഭയിലേക്ക് അവസരം ലഭിച്ചു.

മോഡി സര്‍ക്കാരില്‍ ഗതാഗതം, തുറമുഖം, കെമിക്കല്‍, വളം വകുപ്പുകളുടെ ചുമതലയുള്ള സഹമന്ത്രിയായിട്ടായിരുന്നു മാണ്ഡവ്യയുടെ വരവ്. പ്രധാനമന്ത്രി മോഡിയോടും അമിത് ഷായോടുമുള്ള വിശ്വസ്തത മാണ്ഡവ്യയ്ക്ക് കാബിനറ്റ് മന്ത്രി പദവി നേടിക്കൊടുത്തു.

നേരത്തെ ട്വിറ്ററില്‍ നടത്തിയ വിവാദ പ്രതികരണങ്ങള്‍ നടത്തിയ വാര്‍ത്തയില്‍ ഇടംനേടിയ വ്യക്തിയാണ് മന്‍ഡാവിയ. വിദ്യാസമ്പന്നന്‍ ആണെങ്കിലും സ്ഥിരമായി ഇംഗ്ലീഷില്‍ മണ്ടത്തരമെഴുതുന്ന വ്യക്തിയാണ് ഇന്ത്യയുടെ ആരോഗ്യമന്ത്രിയെന്ന് ട്രോളന്മാര്‍ ചൂണ്ടിക്കാണിക്കുന്നു.

ഇംഗ്ലീഷ് പല പ്രയോഗങ്ങളും മന്ത്രി ഇപ്പോഴും തന്റെ അക്കൗണ്ടില്‍ നിന്നും നീക്കം ചെയ്തിട്ടില്ലെന്നതും ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. രാഹുല്‍ ഗാന്ധി മഹാത്മാ ഗാന്ധിയുടെ കൊച്ചുമകനാണെന്ന് തുടങ്ങി, മഹാത്മാഗാന്ധി നമ്മുടെ പിതാവിന്റെ രാഷ്ട്രമാണെന്ന് വരെ പറയുന്ന അദ്ദേഹത്തിന്റെ പഴയ ട്വീറ്റുകളാണ് ഇപ്പോള്‍ ട്രോളന്മാര്‍ ആഘോഷമാക്കുന്നത്.

Exit mobile version