രാജീവ് ചന്ദ്രശേഖര്‍ കേന്ദ്രമന്ത്രിസഭയിലേക്ക്: ഹര്‍ഷവര്‍ധനടക്കം എട്ട് മന്ത്രിമാര്‍ പുറത്തേക്ക്

ന്യൂഡല്‍ഹി: മന്ത്രിമാരെ ഒഴിവാക്കിയും സഹമന്ത്രിമാരെ കാബിനറ്റ് റാങ്കിലേക്ക് ഉയര്‍ത്തിയും 25 ഓളം പുതിയ മന്ത്രിമാരെ ഉള്‍പ്പെടുത്തിയും രണ്ടാം മോഡി സര്‍ക്കാരിന്റെ മന്ത്രിസഭാ പുന:സംഘടന ഇന്ന് വൈകിട്ട് ആറിന് നടക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും ചടങ്ങ്. നിരവധി പുതുമുഖങ്ങളും യുവാക്കളും ഇത്തവണ കേന്ദ്രമന്ത്രിസഭയില്‍ ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്.

മലയാളി വ്യവസായിയും കേരള എന്‍ഡിഎ വൈസ് ചെയര്‍മാനും കര്‍ണാടകയില്‍ നിന്നുള്ള രാജ്യസഭ അംഗവുമായ രാജീവ് ചന്ദ്രശേഖറും കേന്ദ്രമന്ത്രിസഭയില്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുണ്ട്. കേരളത്തിലെ എന്‍ഡിഎ വൈസ് ചെയര്‍മാന്‍ കൂടിയാണ് അദ്ദേഹം. 43 പുതിയ മന്ത്രിമാര്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. അഞ്ചു പേര്‍ക്ക് ക്യാബിനറ്റ് പദവിയുണ്ടാകും. സഹമന്ത്രി വി മുരളീധരന് സ്വതന്ത്ര ചുമതലയും ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

പുതിയ മന്ത്രിമാരെ ഉള്‍പ്പെടുന്നതിനൊപ്പം നിലവിലെ മന്ത്രിമാരെ ഒഴിവാക്കുകയും ചിലരുടെ വകുപ്പുകള്‍ മാറ്റുകയും ചെയ്യുന്നുണ്ട്. ഇതിന്റെ ഭാഗമായി കേന്ദ്രവിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്റിയാല്‍, തൊഴില്‍മന്ത്രി സന്തോഷ് ഗാങ്വാര്‍, ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ എന്നിവര്‍ രാജിവച്ചു.

ബിജെപിയുടെ തീപ്പൊരി നേതാക്കളായ മീനാക്ഷി ലേഖി, ശോഭാ കരന്തലജെ, അനുപ്രിയാ പട്ടേല്‍, സുനിത ദഗ്ഗല്‍, ഹീനാ ഗാവിത, സോനേവാള്‍ എന്നിവരുടേ പേരുകള്‍ സജീവമായി ഉയരുന്നുണ്ട്. നാരായണ്‍ റാണെ, ജ്യോതിരാദിത്യ സിന്ധ്യ, കപില്‍ പാട്ടീല്‍, അജയ് ഭട്ട് എന്നിവര്‍ക്കും മന്ത്രിക്കസേര ഉറപ്പായിട്ടുണ്ടെന്നാണ് ഡല്‍ഹിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.

നിലവില്‍ 54 പേരാണ് മോഡി മന്ത്രിസഭയിലുള്ളത്. ഇത് 81 അംഗങ്ങള്‍ വരെയാകാനാണ് സാധ്യത തെളിയുന്നത്. നിലവില്‍ മന്ത്രിസഭയിലെ മലയാളി സാന്നിദ്ധ്യമായ വി മുരളീധരന് ടൂറിസം വകുപ്പിന്റെ സ്വതന്ത്ര ചുമതല കൂടി ലഭിച്ചേക്കും. വിദേശകാര്യ വകുപ്പ് അദ്ദേഹത്തില്‍ നിലനിര്‍ത്തും എന്നാണ് സൂചന. വരുണ്‍ ഗാന്ധിയടക്കമുള്ള യുവ നേതാക്കളും ഡല്‍ഹിയില്‍ എത്തിയിട്ടുണ്ട്. പാര്‍ട്ടി ആവശ്യപ്പെട്ട് ഇവര്‍ എത്തിയതെന്നാണ് സൂചന.

മന്ത്രിസഭയില്‍ ജെഡിയുവിനും ഇക്കുറി പ്രാതിനിധ്യം ഉണ്ടാവും. നിതീഷ് കുമാറുമായി ഇക്കാര്യത്തില്‍ ബിജെപി ധാരണയില്‍ എത്തിയിട്ടുണ്ട്. നാല് മന്ത്രിമാരെയാണ് നിതീഷ് ആവശ്യപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ട് മന്ത്രിസ്ഥാനം വിട്ടു നല്‍കാനാണ് സാദ്ധ്യത.

Exit mobile version