തെരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് തിരിച്ചടി; ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇത് ആവര്‍ത്തിക്കില്ല; ആത്മപരിശോധന നടത്തുമെന്ന് അമിത് ഷാ

എന്നാല്‍ ഈ തെരഞ്ഞടുപ്പില്‍ നേരിട്ട തിരിച്ചടി 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആവര്‍ത്തിക്കില്ലെന്നും അമിത് ഷാ പറഞ്ഞു.

ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടി നേരിടേണ്ടി വന്നെന്ന വിലയിരുത്തലുമായി അമിത് ഷാ. എന്നാല്‍ ഈ തെരഞ്ഞടുപ്പില്‍ നേരിട്ട തിരിച്ചടി 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആവര്‍ത്തിക്കില്ലെന്നും അമിത് ഷാ പറഞ്ഞു.

തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ആദ്യമായാണ് അമിത് ഷാ ഈ വിഷയത്തില്‍ പ്രതികരിക്കുന്നത്.രാജസ്ഥാനിലും മധ്യപ്രദേശിലും ചത്തീസ്ഗഡിലും ബിജെപിക്ക് വലിയ നഷ്ടമാണ് സംഭവിച്ചത്. എന്നാല്‍ 2019 ലെ തെരഞ്ഞെടുപ്പില്‍ ഹിന്ദി ഹൃദയഭൂമി തിരിച്ചുപിടിക്കുക അനിവാര്യമാണെന്നും അമിത് ഷാ പറഞ്ഞു.

‘ രാജസ്ഥാനിലേയും മധ്യപ്രദേശിലേയും ചത്തീസ്ഗഡിലേയും തെരഞ്ഞെടുപ്പു ഫലം ബിജെപിക്ക് വലിയ തിരിച്ചടിയാണ്. എന്നാല്‍ ഇതിനെ 2019 ലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തേണ്ടതില്ല. നിയമസഭാ തെരഞ്ഞെടുപ്പും ലോക്സഭാ തെരഞ്ഞെടുപ്പും രണ്ടും രണ്ടാണ്. വ്യത്യസ്ത വിഷയങ്ങള്‍ മുന്‍ നിര്‍ത്തിയാണ് രണ്ട് തെരഞ്ഞെടുപ്പുകളേയും പാര്‍ട്ടികള്‍ സമീപിക്കുന്നത്-അമിത് ഷാ പ്രതികരിച്ചു.

ഞങ്ങള്‍ ജനവിധി അംഗീകരിക്കുന്നു. തെരഞ്ഞെടുപ്പ് ഫലത്തെ ബിജെപി പരിശോധിക്കുക തന്നെ ചെയ്യും. അടുത്ത തെരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തിലെത്തുകയെന്നത് ബിജെപിയുടെ മാത്രം കാര്യമല്ല ഇന്ത്യയുടെ ജനങ്ങളുടെ കൂടി ആവശ്യമാണെന്നായിരുന്നു അമിത് ഷാ പറഞ്ഞത്.

Exit mobile version