പ്രധാനമന്ത്രി മോഡിയെ വിമര്‍ശിച്ചു; മാധ്യമ പ്രവര്‍ത്തകന് ഒരു വര്‍ഷം തടവ് ശിക്ഷ

ദേശീയ സുരക്ഷാ നിയമത്തിന്റെ കീഴില്‍ മണിപ്പൂരി മാധ്യമപ്രവര്‍ത്തകനായ കിഷോരി ചന്ദ്ര വാങ്കേമിനെ ഒരു വര്‍ഷത്തെ തടവിന് ശിക്ഷിച്ചിരിക്കുകയാണ്.

ഇംഫാല്‍: പ്രധാനമന്ത്രി നരേന്ദ്ര മോഡിയേയും ഭരണകക്ഷിയായ ബിജെപിയേയും വിമര്‍ശിച്ച മണിപ്പൂരി മാധ്യമപ്രവര്‍ത്തകന് ഒരു വര്‍ഷം തടവ്. ദേശീയ സുരക്ഷാ നിയമത്തിന്റെ കീഴില്‍ മണിപ്പൂരി മാധ്യമപ്രവര്‍ത്തകനായ കിഷോരി ചന്ദ്ര വാങ്കേമിനെ ഒരു വര്‍ഷത്തെ തടവിന് ശിക്ഷിച്ചിരിക്കുകയാണ്.

നവംബര്‍ 27നാണ് കിഷോരി ചന്ദ്രയെ കസ്റ്റഡിയിലെടുത്തത്. സംസ്ഥാനത്തിന്റെ സുരക്ഷയ്ക്കും ക്രമസമാധാനത്തിനും വിലങ്ങുതടിയായി നില്‍ക്കുന്നത് തടയാനെന്ന പേരിലായിരുന്നു നടപടി. മോഡിയേയും മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബൈറണ്‍ സിങ്ങിനേയും വിമര്‍ശിച്ചുകൊണ്ട് ഫേസ്ബുക്കില്‍ വീഡിയോ പോസ്റ്റു ചെയ്തതിനു പിന്നാലെയായിരുന്നു ഇത്.

ബൈറന്‍ സിങ്ങിനെ മോഡിയുടെ കളിപ്പാവ എന്ന് വീഡിയോയില്‍ വിശേഷിപ്പിച്ചെന്നാണ് ആരോപണം. കൂടാതെ മണിപ്പൂരുമായി യാതൊരു ബന്ധവുമില്ലാത്ത രജപുത്ര റാണി ലക്ഷ്മിഭായിയുടെ ജന്മവാര്‍ഷിക പരിപാടി സംഘടിപ്പിച്ച ആര്‍എസ്എസിനേയും വീഡിയോയില്‍ വിമര്‍ശിച്ചിരുന്നു.

ദേശീയ സുരക്ഷാ നിയമപ്രകാരമുള്ള ഏറ്റവും കൂടിയ ശിക്ഷയാണ് ഒരു വര്‍ഷത്തെ തടവ്. അതേസമയം, ഇതിനെ നിയമപരമായി നേരിടുമെന്ന് കിഷോരിചന്ദ്രയുടെ കുടുംബം വ്യക്തമാക്കി.

Exit mobile version