കൊവിഡ് മരണങ്ങള്‍ക്ക് 4 ലക്ഷം നല്‍കാനാവില്ല, നഷ്ടപരിഹാരം പ്രകൃതി ദുരന്തങ്ങള്‍ക്ക് മാത്രം; കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധമൂലമുള്ള മരണം 3.85 ലക്ഷം പിന്നിട്ടിരിക്കുകയാണ്. ശമനമില്ലാതെ വൈറസ് പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുകയാണ്. അതിനിടെ കോവിഡ് ബാധിച്ചു മരണമടഞ്ഞവരുടെ കുടുംബത്തിന് ദുരന്ത നിവാരണ നിധിയില്‍ നിന്നുള്ള സഹായധനം അനുവദിക്കാനാവില്ലെന്ന് വ്യക്തമാക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.

കേന്ദ്രം സുപ്രീം കോടതിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രകൃതി ദുരന്തങ്ങളുടെ ഇരകള്‍ക്കല്ലാതെ ദുരന്ത നിവാരണ നിധിയില്‍ നിന്നുള്ള സഹായധനമായ നാല് ലക്ഷം രൂപ നല്‍കാനാവില്ലെന്നാണ് കേന്ദ്ര നിലപാട്. 2015 ല്‍ കേന്ദ്രം അംഗീകരിച്ച മാനദണ്ഡ പ്രകാരം ദുരന്തങ്ങളില്‍ മരിക്കുന്ന വ്യക്തികളുടെ കുടുംബങ്ങള്‍ക്ക് 4 ലക്ഷം രൂപ ലഭിക്കാന്‍ അര്‍ഹതയുണ്ട്.

ഇതു കൊവിഡ് ബാധിച്ച് മരിച്ചവര്‍ക്കും ബാധകമാണെന്നു കാണിച്ച് 2020 മാര്‍ച്ച് 14 ന് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് ഇറക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഉത്തരവ് ഇറക്കിയ കേന്ദ്ര സര്‍ക്കാര്‍ അതേ സമയം തന്നെ ഉത്തരവ് തിരുത്തി കോവിഡ് മരണങ്ങളെ പട്ടികയില്‍ നിന്നും ഒഴിവാക്കുകയായിരുന്നു.

രാജ്യത്ത് ഇപ്പോള്‍ കോവിഡ് സാഹചര്യം നിലനില്‍ക്കെയാണ് കേന്ദ്രം മരണങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാനാവില്ലെന്ന് വ്യക്തമാക്കുന്നത്. ഇപ്പോള്‍ സര്‍ക്കാര്‍ നേരിടുന്ന വര്‍ദ്ധിച്ച ആരോഗ്യ പരിപാലനച്ചെലവും കുറഞ്ഞ നികുതി വരുമാനവും നഷ്ടപരിഹാരം നല്‍കുന്നത് വലിയ പ്രതിസന്ധി സൃഷ്ടിക്കും. ലക്ഷക്കണക്കിന് കോവിഡ് ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കുക എന്നത് ബജറ്റിന് അപ്പുറമായിരിക്കുമെന്നും കേന്ദ്രം സത്യവാങ്മൂലത്തില്‍ പറയുന്നു.

‘നഷ്ടപരിഹാരം നല്‍കുന്നതിനായി വിരളമായ നിലവിലെ വിഭവങ്ങള്‍ വിനിയോഗിക്കുന്നത്, മഹാമാരിയെ നേരിടുന്ന മറ്റ് പ്രവര്‍ത്തനങ്ങളെ ബാധിക്കാന്‍ ഇടയാക്കും. ഈ സാഹചര്യം രോഗ പ്രതിരോധ രംഗത്ത് പ്രത്യാഘാതങ്ങള്‍ക്ക് കാരണമായേക്കും. നഷ്ടപരിഹാരം നല്‍കല്‍ നല്ലതിനേക്കാള്‍ കൂടുതല്‍ ദോഷം ചെയ്തേക്കുമെന്നും,’ കേന്ദ്രം സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു.

ഭരണകൂടത്തിന്റെ നയങ്ങള്‍ തിരുമാനിക്കുന്നതില്‍ ജുഡീഷ്യറി ഇടപെടരുത് എന്നും സര്‍ക്കാര്‍ സത്യവാങ് മൂലത്തില്‍ ആവശ്യപ്പെടുന്നു. നയങ്ങള്‍ തീരുമാനിക്കാന്‍ എക്സിതക്യൂട്ടീവ്സിനാണ് അധികാരമെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു. എന്നാല്‍ കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ മരണ സര്‍ട്ടിഫിക്കറ്റില്‍ ‘കോവിഡ് ഡെത്ത്’ പരാമര്‍ശിക്കുമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. കോവിഡ് മരണം സാക്ഷ്യപ്പെടുത്തുന്നതില്‍ പരാജയപ്പെടുന്ന ഡോക്ടര്‍മാര്‍ക്ക് പിഴ ചുമത്തുമെന്നും സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അറിയിച്ചു. എന്നാല്‍ കൊവിഡ് മൂലം മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം നിഷേധിക്കുന്നത് പക്ഷപാതപരമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

Exit mobile version