കൊവിഡ് പോരാട്ടത്തിന് തമിഴ്‌നാടിന് റോയല്‍ എന്‍ഫീല്‍ഡിന്റെ സഹായം; രണ്ട് കോടി നല്‍കും

Royal Enfield | Bignewslive

കൊവിഡ് 19 മഹാമാരിക്കെതിരെ പോരാടുന്നതിനായി തമിഴ്‌നാടിന് സഹായം പ്രഖ്യാപിച്ച് റോയല്‍ എന്‍ഫീല്‍ഡ്. തമിഴ്നാട് ദുരന്ത നിവാരണ ഫണ്ടിലേക്ക് രണ്ടുകോടി രൂപ സംഭാവന നല്‍കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ സന്ദര്‍ശിച്ച് കമ്പനി സിഇഒ വിനോദ് ദസാരി കോവിഡ് -19 ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി രണ്ട് കോടി രൂപയുടെ ചെക്ക് കൈമാറിയതായി കാര്‍ ആന്‍ഡ് ബൈക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു.

കൊവിഡ് -19 ഏറ്റവും കൂടുതല്‍ ബാധിച്ച സംസ്ഥാനങ്ങളിലൊന്നാണ് തമിഴ്നാട്. റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍സൈക്കിളുകളുടെ ആസ്ഥാനമാണ് തമിഴ്നാട് എന്നും മഹാമാരിയുടെ വിനാശകരമായ രണ്ടാം തരംഗത്തെ നേരിടാനുള്ള എല്ലാ ശ്രമങ്ങളിലും സംസ്ഥാനത്തെ പിന്തുണയ്ക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും ചടങ്ങില്‍ സംസാരിച്ച വിനോദ് ദസാരി പറഞ്ഞു.

തമിഴ്നാടിനെ സ്വന്തം കുടുംബമായാണ് റോയല്‍ എന്‍ഫീല്‍ഡ് കണക്കാക്കുന്നതെന്നും അതുകൊണ്ട് തന്നെ ഈ പ്രതിസന്ധി ഘട്ടത്തില്‍ സഹായിക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്വമായാണ് കാണുന്നതെന്നും സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം കൂടുതല്‍ സഹായമെത്തിക്കാനും റോയല്‍ എന്‍ഫീല്‍ഡ് പദ്ധതികള്‍ തയാറാക്കുന്നുണ്ടെന്നും കമ്പനി അധികൃതര്‍ പറഞ്ഞു.

Exit mobile version