കര്‍ഷകരെ പിന്തുണച്ചു, മോഡിയെയും സര്‍ക്കാരിനെയും വിമര്‍ശിച്ചു; ഗായകന്‍ ജാസി ബിയുടെ ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിച്ചു, നടപടി കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം

Jazzy B | Bignewslive

ന്യൂഡല്‍ഹി: കനേഡിയന്‍-പഞ്ചാബി ഗായകന്‍ ജാസി ബിയുടെ ട്വിറ്റര്‍ അക്കൗണ്ട് അടക്കം നാല് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാണ് നടപടി. കേന്ദ്രസര്‍ക്കാറിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയതിനെ തുടര്‍ന്നാണ് അക്കൗണ്ട് മരവിപ്പിച്ചത്. അക്കൗണ്ടുകള്‍ രാജ്യത്തിന് പുറത്തുള്ള ഐ.പി വിലാസത്തില്‍നിന്ന് ഇപ്പോഴും ഉപയോഗിക്കാന്‍ കഴിയും.

‘ഞങ്ങള്‍ക്ക് സാധുവായ ഒരു നിയമ അഭ്യര്‍ഥന ലഭിച്ചതോടെ, പ്രദേശിക നിയമങ്ങളും ട്വിറ്റര്‍ നിയമങ്ങളും കണക്കിലെടുത്ത് അവ വിലയിരുത്തി. ഉള്ളടക്കം ട്വിറ്ററിന്റെ നിയമങ്ങള്‍ ലംഘിക്കുകയാണെങ്കില്‍ അവ നീക്കം ചെയ്യും. ട്വിറ്ററിന്റെ നിയമലംഘനങ്ങള്‍ അല്ലെങ്കിലും, ഒരു പ്രത്യേക അധികാര പരിധിയില്‍ അവ നിയമവിരുദ്ധമാണെന്ന് നിര്‍ണയിക്കപ്പെട്ടാല്‍, ഇന്ത്യയില്‍ ആ ഉള്ളടക്കത്തിലേക്കുള്ള പ്രവേശനം തടയും’ -ട്വിറ്ററിന്റെ കുറിപ്പില്‍ പറയുന്നു.

അക്കൗണ്ട് റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട വിവരം അക്കൗണ്ട് ഉടമയെ അറിയിച്ചിരുന്നുവെന്നും ട്വിറ്റര്‍ വിശദീകരിച്ചു. റദ്ദാക്കിയ നാലു അക്കൗണ്ടുകളിലൂടെയും പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ നേതൃത്വത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. കൂടാതെ കര്‍ഷക പ്രക്ഷോഭത്തെ പിന്തുണക്കുകയും ചെയ്തിരുന്നു. ഇതാണ് നടപടിക്ക് വഴിവെച്ചതെന്നാണ് വിവരം.

Exit mobile version