താൻ ഇന്ത്യയിൽ കാല് കുത്തുമ്പോൾ മാത്രമേ രാജ്യം കോവിഡ്19 മുക്തമാവൂ എന്ന് നിത്യാനന്ദ

ന്യൂഡൽഹി: താൻ ഇന്ത്യയിൽ കാല് കുത്തുമ്പോൾ മാത്രമേ രാജ്യം കോവിഡ്19 മുക്തമാവൂ എന്ന് വിവാദ ആൾദൈവം സ്വാമി നിത്യാനന്ദ. ദിവസങ്ങൾക്ക് മുമ്പ് പുറത്തിറക്കിയ വീഡിയോയിൽ നിത്യാനന്ദയുടെ ശിഷ്യൻമാരിൽ ഒരാളാണ് അദ്ദേഹത്തോട് ഇന്ത്യയിൽ കോവിഡ് എന്ന് തീരുമെന്ന് ചോദിക്കുന്നത്. ‘അമ്മാൻ’ ദേവി തന്റെ ആത്മീയ ശരീരത്തിൽ പ്രവേശിച്ചുവെന്നും താൻ ഇന്ത്യയിൽ കാലുകുത്തിയാൽ മാത്രമേ ഇന്ത്യ കോവിഡ് മുക്തമാവുകയുള്ളൂ എന്നുമാണ് ഇതിന് നിത്യാനന്ദയുടെ മറുപടി.

ഇക്വഡോറിന് സമീപമുള്ള സ്വകാര്യദ്വീപ് വാങ്ങി അത് ഒരു രാജ്യമായി പ്രഖ്യാപിച്ചിരിക്കുകയാണ് നിത്യാനന്ദ. കൈലാസ എന്നാണ് രാജ്യത്തിന് പേരിട്ടിരിക്കുന്നത്. കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ കൈലാസയിലേക്ക് ഇന്ത്യയിൽ നിന്നുള്ള ഭക്തർക്ക് പ്രവേശാനുമതി നിഷേധിച്ചിരുന്നു.

വിദ്യാഭ്യാസം, വാണിജ്യം, ആരോഗ്യം,ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് തുടങ്ങിയ വകുപ്പുകളുള്ള സ്വയംഭരണ രാജ്യമായാണ് കൈലാസത്തെ നിത്യാനന്ദ വിശേഷിപ്പിക്കുന്നത്. സ്വന്തമായി പാസ്പോർട്ടും പതാകയും ദേശീയ ചിഹ്നവുമെല്ലാം ഇവർക്കുണ്ട്. രാജ്യത്തിന്റെ ഔദ്യോഗിക വെബ്സൈറ്റും തയ്യാറാക്കിയിട്ടുണ്ട്. നിരവധി പീഡനം അടക്കമുള്ള ഒട്ടേറെ ക്രിമിനൽ കേസുകളിൽ ഇന്ത്യൻ അന്വേഷണ ഏജൻസികളും ഇന്റർപോളും അന്വേഷിക്കുന്ന കുറ്റവാളിയാണ് വിവാദ ആൾദൈവമായ നിത്യാനന്ദ.

Exit mobile version