പതിനെട്ട് വയസിന് മുകളിൽ പ്രായമുള്ളവർക്കും വാക്‌സിൻ സൗജന്യമായി നൽകും; 25 ശതമാനം വാക്‌സിൻ സ്വകാര്യ ആശുപത്രിക്ക്; വാക്‌സിൻ നയം മാറ്റി കേന്ദ്ര സർക്കാർ

pm-modi1

ന്യൂഡൽഹി: ഇനി മുതൽ 18 വയസിന് മുകളിൽ പ്രായമുള്ളവർക്കും വാക്‌സിൻ സൗജന്യമായി കേന്ദ്രസർക്കാർ നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. രാജ്യത്തിന്റെ വാക്‌സിൻ നയം പരിഷ്‌കരിക്കുമെന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് പ്രധാനമന്ത്രി വ്യക്തമാക്കിയത്.

ജൂൺ 21 മുതൽ പതിനെട്ട് വയസ്സിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും സൗജന്യമായി വാക്‌സിൻ വിതരണം ചെയ്യും. വിദേശത്തുനിന്ന് കേന്ദ്രസർക്കാർ നേരിട്ട് വാക്‌സിൻ വാങ്ങി സംസ്ഥാനങ്ങൾക്ക് സൗജന്യമായി വിതരണം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

75 ശതമാനം വാക്‌സിൻ സൗജന്യമായി കേന്ദ്രസർക്കാരിന്റെ മേൽനോട്ടത്തിൽ വിതരണം ചെയ്യും. 25 ശതമാനം വാക്‌സിൻ സ്വകാര്യ ആശുപത്രികളിലൂടെയായിരിക്കും വിതരണം ചെയ്യുക. ഇതിന് സംസ്ഥാന സർക്കാരുകൾ മേൽനോട്ടം വഹിക്കണം. വാക്‌സിൻ തുകയ്ക്ക് പുറമേ സ്വകാര്യ ആശുപത്രികൾക്ക് പരമാവധി 150 രൂപ വരെ സർവീസ് ചാർജ് ആയി ഈടാക്കാം.

കഴിഞ്ഞ രണ്ട് വർഷത്തിനിടെ രാജ്യം രണ്ട് വാക്‌സിനുകൾ വികസിപ്പിച്ചു. 23 കോടി വാക്‌സിൻ ഇതുവരെ രാജ്യത്ത് വിതരണം ചെയ്തു. വരും ദിവസങ്ങളിൽ വാക്‌സിൻ വിതരണം വർധിപ്പിക്കും. രാജ്യത്ത് ഏഴ് കമ്പനികളാണ് വിവിധ വാക്‌സിനുകളാണ് ഉത്പാദിപ്പിക്കുന്നത്. മൂന്ന് വാക്‌സിനുകൾ ക്ലിനിക്കൽ ട്രയൽ ഘട്ടത്തിലാണ്.

കഴിഞ്ഞ നൂറ് വർഷത്തിനിടെ രാജ്യം നേരിടുന്ന ഏറ്റവും വിനാശകാരിയായ മഹാമാരിയാണ് കോവിഡെന്ന് പ്രധാനമന്ത്രി പറഞ്ഞു. നമ്മുടെ രാജ്യം അതിനെ അതിശക്തമായി ഒറ്റക്കെട്ടായി നേരിടുകയാണ്. കഴിഞ്ഞ ഒന്നരവർഷത്തിനിടെ രാജ്യത്തിന്റെ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ വികസിച്ചു. കോവിഡ് രണ്ടാം തരംഗത്തിൽ രാജ്യത്ത് മെഡിക്കൽ ഓക്‌സിജന്റെ ആവശ്യം മറ്റെങ്ങുമില്ലാത്ത വിധം വർധിച്ചു. ഓക്‌സിജൻ എത്തിക്കാൻ അടിയന്തര നടപടികളാണ് സ്വീകരിച്ചതെന്നും രണ്ടാം തരംഗത്തിൽ ഓക്‌സിജൻ ഉത്പാദനം പത്തിരട്ടിയാക്കി വർധിപ്പിച്ചെന്നും അദ്ദേഹം അവകാശപ്പെട്ടു.

കോവിഡ് നേരിടാനുള്ള ഏറ്റവും വലിയ ആയുധം കോവിഡ് പ്രോട്ടോക്കോളാണ്. കോവിഡിനെതിരെയുള്ള സുരക്ഷാ കവചമാണ് വാക്‌സിൻ. ലോകത്ത് വാക്‌സിൻ നിർമാണം കുറവാണ്. ലോകത്തിന്റെ ആകെ ആവശ്യത്തിന് ആനുപാതികമായി ലോകത്ത് വാക്‌സിൻ നിർമാതാക്കളില്ലെന്നും നമുക്ക് വാക്‌സിൻ ഇല്ലായിരുന്നെങ്കിൽ രാജ്യത്തിന്റെ സ്ഥിതി എന്താവുമായിരുന്നെന്നും മോഡി ആശങ്ക പങ്കുവെച്ചു.

Exit mobile version