മുംബൈയിലെ ഇഎസ്‌ഐസി ആശുപത്രിയിലെ തീപിടുത്തം; ആറുമാസം പ്രായമുള്ള കുട്ടിയുള്‍പ്പെടെ 8 മരണം

മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ വീതം ധനസഹായം കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു

മുംബൈ: അന്ധേരി ഈസ്റ്റിലെ ഇഎസ്ഐസി ആശുപത്രിയിലുണ്ടായ തീപ്പിടുത്തത്തില്‍ ആറുമാസം പ്രായമുള്ള കുട്ടിയുള്‍പ്പെടെ മരിച്ചവരുടെ എണ്ണം 8 ആയി. 140 പേര്‍ക്കു പരുക്കേറ്റു. മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ വീതം ധനസഹായം കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഗുരുതരമായി പരുക്കേറ്റവര്‍ക്ക് രണ്ടു ലക്ഷം രൂപയും പരുക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപയും നഷ്ടപരിഹാരം നല്‍കുമെന്ന് കേന്ദ്ര തൊഴില്‍ മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ (ഇഎസ്ഐസി) നിയന്ത്രണത്തില്‍ മാറോലില്‍ പ്രവര്‍ത്തിക്കുന്ന കാംഗാര്‍ ഹോസ്പിറ്റലില്‍ ഇന്നലെ വൈകിട്ട് നാലുമണിയോടെയാണ് തീപിടുത്തമുണ്ടായത്. അഞ്ചു നിലകളിലായി പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ മുകള്‍ നിലകളിലാണ് തീപിടുത്തമുണ്ടായത്. തീപിടുത്തമുണ്ടായെന്ന വിവരത്തെത്തുടര്‍ന്ന് എട്ട് ഫയര്‍ എഞ്ചിനുകളാണ് ആശുപത്രി പരിസരത്തെത്തിയത്. 15 ഓളം ടാങ്കര്‍ ലോറികളില്‍ പ്രത്യേകമായി വെളളമെത്തിച്ചാണ് നടപടികള്‍ ത്വരിതപ്പെടുത്തിയത്. പത്തോളം ഫയര്‍ എന്‍ജിനുകളും തൊട്ടുപിന്നാലെ സ്ഥലത്തെത്തിച്ചു.

ഏണികള്‍ ഉപയോഗിച്ചാണു രോഗികളെയും ജീവനക്കാരെയും ആശുപത്രിയില്‍ നിന്ന് രക്ഷപ്പെടുത്തിയത്. പരുക്കേറ്റവരെ മുംബൈയിലെ കൂപ്പര്‍, സെവന്‍ ഹില്‍സ്, ഹോളി സ്പിരിറ്റ്, ട്രോമാ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. തീപിടുത്തത്തിന്റെ യഥാര്‍ഥ കാരണം ഇതുവരെ വ്യക്തമായിട്ടില്ല

Exit mobile version