പഞ്ചാബ് സര്‍ക്കാര്‍ വാക്‌സീന്‍ സ്വകാര്യ ആശുപത്രികള്‍ക്ക് വിറ്റെന്ന ആരോപണം : തനിക്ക് വാക്‌സീന്റെ മേല്‍ നിയന്ത്രണമില്ലെന്നും അന്വേഷണം നടത്തുമെന്നും ആരോഗ്യമന്ത്രി

Vaccine | Bignewslive

ചണ്ഡീഗഡ് : പഞ്ചാബ് സര്‍ക്കാര്‍ വാക്‌സീന്‍ കൊള്ളലാഭത്തിന് സ്വകാര്യ ആശുപത്രകള്‍ക്ക് വില്‍ക്കുന്നുവെന്ന ആരോപണത്തില്‍ അന്വേഷണം നടത്തുമെന്ന് ആരോഗ്യമന്ത്രി ബി.എസ്.സിദ്ധു. തനിക്ക് വാക്‌സീന്റെ മേല്‍ നിയന്ത്രണമില്ലെന്നും താന്‍ വ്യക്തിപരമായി ഇത് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ചികിത്സ, പരിശോധന, സാമ്പിള്‍ ശേഖരണം, വാക്‌സിനേഷന്‍ ക്യാമ്പുകള്‍ എന്നിവയാണ് തന്റെ വകുപ്പ് നോക്കിനടത്തുന്നതെന്നും ആരോപണം അടിയന്തിരമായി അന്വേഷിക്കേണ്ടത് ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സര്‍ക്കാര്‍ നാല്പതിനായിരം ഡോസ് കോവിഡ് വാക്‌സീന്‍ വന്‍ലാഭത്തില്‍ സ്വകാര്യ ആശുപത്രികള്‍ക്ക് വിറ്റതായി അകാലിദള്‍ അധ്യക്ഷന്‍ സുഖ്ബിര്‍ ബാദലാണ് വ്യഴാഴ്ച ആരോപണം ഉന്നയിച്ചത്.

ഡോസ് ഒന്നിന് 400 രൂപയ്ക്ക് വാങ്ങിയ വാക്‌സീന്‍ സ്വകാര്യ ആശുപത്രികള്‍ക്ക് ഡോസ് ഒന്നിന് 1060 രൂപയ്ക്കാണ് വിറ്റതെന്നും ഓരോ ഡോസിലും 660 രൂപ ലാഭമുണ്ടാക്കിയെന്നും ബാദല്‍ ആരോപിച്ചു.സ്വകാര്യ ആശുപത്രികള്‍ ഡോസിന് 1560 രൂപയ്ക്കാണ് വാക്‌സീന്‍ നല്‍കുന്നത്. ഒരു കുടുംബത്തിന് ഒരു ഡോസ് വാക്‌സീന്‍ സ്വീകരിക്കാന്‍ 6000 മുതല്‍ 9000 രൂപ വരെ ചെലവ് വരും. മൊഹാലിയില്‍ ഒരു ദിവസം 35000 ഡോസ് വാക്‌സീന്‍ രണ്ടുകോടിയോളം രൂപയുടെ ലാഭത്തില്‍ വിറ്റതായും ബാദല്‍ പറഞ്ഞു. സംസ്ഥാന ആരോഗ്യമന്ത്രിയ്‌ക്കെതിരെ കേസ് എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

അടുത്തകൊല്ലം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അമരിന്ദര്‍ സര്‍ക്കാര്‍ ആഭ്യന്തരകലഹം നേരിട്ടുകൊണ്ടിരിക്കെയാണ് കോവിഡ് വാക്‌സീന്‍ വിവാദവും ഉയര്‍ന്നിരിക്കുന്നത്.

Exit mobile version