കോവിഡ് ബാധിച്ചുമരിച്ച ജീവനക്കാരുടെ കുടുംബത്തിന് റിലയൻസ് 10 ലക്ഷം രൂപ ധനസഹായം നൽകും; ആശ്രിതർക്ക് അഞ്ചു വർഷം ശമ്പളവും നൽകും; നന്മ

nita and mukesh ambani

മുംബൈ: കോവിഡ് മഹാമാരി കാലത്ത് കൂടുതൽ നന്മയുള്ള പ്രവർത്തികളുമായി വൻകിട കമ്പനികൾ. കോവിഡ് ബാധിച്ചു മരിച്ച ജീവനക്കാരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം ഉൾപ്പടെയുള്ള പദ്ധതികൾ പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുകയാണ് റിലയൻസ് ഫൗണ്ടേഷൻ. കോവിഡ് മൂലം മരിച്ച ജീവനക്കാരന്റെ കുടുംബത്തിനുള്ള സഹായ പദ്ധതികളും റിലയൻസ് പ്രഖ്യാപിച്ചിട്ടുണ്ട്. വീ കെയർ എന്ന പേരിലെ കുടുംബ സഹായ പദ്ധതിയിൽ മരണമടഞ്ഞ ജീവനക്കാരന്റെ കുടുംബത്തിന് അവസാനമായി വാങ്ങിയ മാസ ശമ്പളം അഞ്ചു വർഷം കൂടി നൽകും.


ജീവനക്കാരന്റെ പേരിലുള്ള മെഡിക്കൽ ഇൻഷുറൻസ് പ്രീമിയം തുടർന്നും പൂർണമായും റിലയൻസ് വഹിക്കും. മരണമടഞ്ഞ ജീവനക്കാരുടെ മക്കൾ ബിരുദപഠനം പൂർത്തിയാക്കുന്നതുവരെ ഇത് തുടരും. കോവിഡ് ബാധിക്കുന്ന ജീവനക്കാർക്ക് പ്രത്യേക അവധിയും റിലയൻസ് പ്രഖ്യാപിച്ചിട്ടുണ്ട്. ശാരീരികമായും മാനസികമായും രോഗമുക്തി നേടുന്നതുവരെയാണ് ഈ അവധി ലഭ്യമാകുക. കുടുംബത്തിൽ ആർക്കെങ്കിലും കോവിഡ് ബാധിച്ചാലും ഈ അവധി ജീവനക്കാർക്ക് ലഭ്യമാകും.

റിലയൻസ് ജീവനക്കാർക്ക് അയച്ച സന്ദേശത്തിലാണ് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാൻ മുകേഷ് അംബാനിയും റിലയൻസ് ഫൗണ്ടേഷൻ ചെയർപേഴ്‌സൻ നിത അംബാനിയും ഇക്കാര്യം അറിയിച്ചത്. കോവിഡ് മൂലം ചില ജീവനക്കാർ മരണപ്പെട്ടിട്ടുണ്ടെന്നും, അവരുടെ കുടുംബത്തെ സഹായിക്കുകയെന്നത് റിലയൻസ് കുടുംബത്തിന്റെ കടമയാണെന്നും മുകേഷ് അംബാനിയും നിതാ അംബാനിയും അയച്ച സന്ദേശത്തിൽ പറയുന്നു. റിലയൻസ് ഫൗണ്ടേഷനാണ് ധനസഹായം നൽകുക എന്നും കത്തിൽ അറിയിച്ചിട്ടുണ്ട്.

റിലയൻസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനിയും റിലയൻസ് ഫൗണ്ടേഷൻ, സ്ഥാപകയും അധ്യക്ഷയുമായ നിത അംബാനിയും ചേർന്ന് മൂന്നു ലക്ഷം ജീവനക്കാർക്ക് ആണ് ഈ കത്ത് എഴുതിയിരിക്കുന്നത്.

Exit mobile version