കൊവിഡ് പ്രതിരോധത്തിന് പുതുവഴി തേടി മഹാരാഷ്ട്ര സര്‍ക്കാര്‍; കൊവിഡ് മുക്ത ഗ്രാമങ്ങള്‍ക്ക് 50 ലക്ഷം സമ്മാനം, ഇനി സംസ്ഥാനം കടുത്ത ‘മത്സരത്തിലേയ്ക്ക്’

"Covid-Free Village" | Bignewslive

മുംബൈ: കൊവിഡ് പ്രതിരോധത്തിന് പുതുവഴി തേടി മഹാരാഷ്ട്ര സര്‍ക്കാര്‍. വ്യാപനം തടയുന്നതിനായി ജനങ്ങള്‍ക്ക് വേണ്ടി മത്സരമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കോവിഡ് മുക്ത ഗ്രാമങ്ങള്‍ക്ക് സമ്മാനം നല്‍കുന്നതാണ് പുതിയ പദ്ധതി. കോവിഡ് പടരാതിരിക്കാന്‍ ചില ഗ്രാമങ്ങള്‍ നടത്തിയ ശ്രമങ്ങളെ പ്രശംസിച്ചുകൊണ്ടാണ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ‘മൈ വില്ലേജ് കൊറോണ ഫ്രീ’ പദ്ധതി പ്രഖ്യാപിച്ചത്.

മുഖ്യമന്ത്രി പ്രഖ്യാപിച്ച പദ്ധതിയുടെ ഭാഗമായാണ് കോവിഡ് മുക്തഗ്രാമ മത്സരം നടക്കുന്നതെന്ന് സംസ്ഥാന ഗ്രാമവികസന മന്ത്രി ഹസന്‍ മുഷ്റിഫ് പ്രസ്താവനയിലൂടെ അറിയിച്ചു.

മന്ത്രിയുടെ വാക്കുകള്‍;

ഓരോ റവന്യൂ ഡിവിഷനിലും കോവിഡ് പ്രതിരോധത്തില്‍ മികച്ച പ്രവര്‍ത്തനം നടത്തുന്ന മൂന്ന് ഗ്രാമപഞ്ചായത്തുകള്‍ക്ക് സമ്മാനം നല്‍കും. ഒന്നാം സമ്മാനം 50 ലക്ഷവും രണ്ടാം സമ്മാനം 25 ലക്ഷവും മൂന്നാം സമ്മാനം 15 ലക്ഷം രൂപയായിരിക്കും.

സംസ്ഥാനത്തെ ആറ് റവന്യൂ ഡിവിഷനുകളിലായി മൊത്തം 18 സമ്മാനങ്ങള്‍ നല്‍കും. ആകെ 5.4 കോടി രൂപയുടെ സമ്മാന തുകയാണ് വിതരണം ചെയ്യുന്നത്. മത്സരത്തില്‍ വിജയിക്കുന്ന ഗ്രാമങ്ങള്‍ക്ക് പ്രോത്സാഹനമായി സമ്മാന തുകയ്ക്ക് തുല്യമായ അധിക തുകയും ലഭിക്കും. ഇത് ഗ്രാമങ്ങളിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗപ്പെടുത്താം.

Exit mobile version