വാക്‌സീന് ഇളവില്ല; കൊവിഡ് മരുന്നിന്റേയും ചികിത്സാ സാമഗ്രികളുടെയും നികുതിയില്‍ ഇളവ്, ബ്ലാക് ഫംഗസ് മരുന്നിന് നികുതിയില്ല

നിലവില്‍ സെപ്റ്റംബര്‍ 30 വരെയാണ് നികുതി ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

covid-19

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് മരുന്നിന്റേയും പ്രതിരോധ സാമഗ്രികളുടെയും നികുതിയില്‍ ഇളവ് വരുത്താന്‍ തീരുമാനം. മന്ത്രിതല സമിതിയുടെ നിര്‍ദേശം ജിഎസ്ടി കൗണ്‍സിലാണ് നികുതിയിളവ് അംഗീകരിച്ചത്.

കൊവിഡ് മരുന്നുകള്‍, ആശുപത്രി ഉല്‍പ്പന്നങ്ങള്‍ കൊവിഡ് പ്രതിരോധനത്തിനുപയോഗിക്കുന്ന മറ്റ് ഉപകരണങ്ങള്‍ എന്നിവയുടെ നികുതിയിലാകും ഇളവ് വരുത്തുക. ബ്ലാക് ഫംഗസ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ആംഫോടിറിസിന്‍ ബി മരുന്നിന്റെ നികുതി ഒഴിവാക്കി.

ആംബുലന്‍സുകളുടെ ജിഎസ്ടി 12% ആയി കുറച്ചു. എന്നാല്‍ കൊവിഡ് വാക്‌സീനുള്ള 5% നികുതി തുടരുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചു. നിലവില്‍ സെപ്റ്റംബര്‍ 30 വരെയാണ് നികുതി ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

കൊവിഡ് ചികിത്സയ്ക്കു ഉപയോഗിക്കുന്ന ഹെപാരിന്‍, റെംഡിസീവിര്‍ എന്നീ മരുന്നുകളുടെയും ജിഎസ്ടി 12ല്‍ നിന്ന് 5 ശതമാനമായി കുറച്ചു. മെഡിക്കല്‍ ഗ്രേഡ് ഓക്‌സിജന്‍, ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍, വെന്റിലേറ്റര്‍, വെന്റിലേറ്റര്‍ മാസ്‌ക് എന്നിവയുടെയും ജിഎസ്ടി 5 ശതമാനമായി കുറച്ചിട്ടുണ്ട്.

പള്‍സ് ഓക്‌സിമീറ്റര്‍, കൊവിഡ് ചികിത്സയ്ക്കുള്ള മരുന്നുകള്‍, ടെസ്റ്റിംഗ് കിറ്റ് തുടങ്ങി എല്ലാ കൊവിഡ് പ്രതിരോധ സാമഗ്രികളുടേയും നികുതി കുറച്ചിട്ടുണ്ട്. സാനിറ്റൈസര്‍, പിപിഇ കിറ്റുകള്‍ എന്നിവക്കുള്ള നികുതിയും അഞ്ച് ശതമാനമാക്കി.

അതേസമയം, സ്വകാര്യ ആശുപത്രികള്‍ക്കുള്ള കൊവിഡ് വാക്‌സീന്റെ നികുതി കുറയ്ക്കണമെന്ന് കേരളം ജിഎസ്ടി കൗണ്‍സിലില്‍ ആവശ്യപ്പെട്ടു. ആര്‍ടിപിസിആര്‍ മെഷീന്റെ നികുതിയും കുറച്ചിട്ടില്ലെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ ചൂണ്ടിക്കാട്ടി. മാസ്‌ക്, സാനിറ്റൈസര്‍ എന്നിവയുടെ നികുതിയും പൂജ്യമാക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടിരുന്നു.

Exit mobile version