താല്‍ക്കാലിക നിയമനം സ്ഥിരപ്പെടുത്തണം..! മന്ത്രി വസതിയ്ക്ക് മുന്നില്‍ ധര്‍ണയിരുന്ന അധ്യാപകന്‍ കൊടുംതണുപ്പില്‍ മരിച്ചു

റാഞ്ചി: തന്റെ താല്‍ക്കാലിക നിയമനം സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് അധ്യാപകന്റെ ധര്‍ണ ഒടുക്കം മരണത്തില്‍ കലാശിച്ചു. ജാര്‍ഖണ്ഡ് സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി ലൂയീസ് മറാന്‍ഡിയുടെ വസതിക്കുമുന്നില്‍ അതിശൈത്യം പോലും വകവെക്കാതെയായിരുന്നു അധ്യാപകന്റെ ധര്‍ണ എന്നാല്‍ കൊടും തണുപ്പ് ശരീരത്തിന് താങ്ങാനാകാതെ ഒടുക്കം മരണത്തിന് കീഴടങ്ങുകയായിരുന്നു.

31 ദിവസമായി സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകര്‍ നടത്തിവരുന്ന സമരത്തിന്റെ ഭാഗമായി മന്ത്രിയുടെ ഡുംകയിലെ വസതിക്കു മുന്നില്‍ സമരം നടത്തിയ ഹസഡിക സ്വദേശി കാഞ്ചന്‍ കുമാര്‍ദാസാണ് രാത്രി കൊടും തണുപ്പില്‍ മരിച്ചത്. റാംഗാര്‍ഡ് ചിനദംങ്കല്‍ മിഡില്‍ സ്‌കൂള്‍ അധ്യാപകനാണ് മരിച്ചത്. 2 ദിവസമായി സംസ്ഥാനത്തെ രാത്രി താപനില 6 ഡിഗ്രിയിലേക്കു താണിരുന്നു. 63,000 സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകര്‍ നവംബര്‍ 16 മുതല്‍ അനിശ്ചിതകാല സമരത്തിലാണ്.

അതേസമയം സമരം ചെയ്യുന്നവരെ പിരിച്ചുവിടുമെന്ന അന്ത്യശാസനത്തെത്തുടര്‍ന്നു കുറച്ച് അധ്യാപകര്‍ ജോലിക്കു കയറിയെങ്കിലും 45,000 അധ്യാപകര്‍ സമരം തുടരുകയാണ്. മന്ത്രിക്കെതിരെ കേസെടുക്കണമെന്നും മരിച്ച അധ്യാപകന്റെ ആശ്രിതര്‍ക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നു കോണ്‍ഗ്രസും ജെഎംഎമ്മും ആവശ്യപ്പെട്ടു.

Exit mobile version