‘ഒരു വാക്‌സിനും കോവിഡിൽ നിന്ന് 100 ശതമാനം സംരക്ഷണം നൽകില്ല’; ബൂസ്റ്റർ ഡോസും പരിഗണനയിലെന്ന് കേന്ദ്രം

vk paul

ന്യൂഡൽഹി: ഒരു വാക്‌സിനും കോവിഡിനെ 100 ശതമാനവും പ്രതിരോധിക്കാനാകില്ലെന്ന് കേന്ദ്രസർക്കാർ. വൈറസിൽ നിന്ന് കൂടുതൽ സംരക്ഷണം നൽകുന്നതിന് വാക്‌സിന്റെ ബൂസ്റ്റർ ഡോസ് എടുക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് പഠനങ്ങൾ നടക്കുകയാണെന്ന് നീതി ആയോഗ് അംഗം ഡോ.വികെ പോൾ വ്യക്തമാക്കി.

രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ച് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മുന്നോട്ടുപോകണം. ഗുരുതരമായ അവസ്ഥയിൽ നിന്ന് നിങ്ങൾ സുരക്ഷിതരായിരിക്കും. എങ്കിലും ജാഗ്രത തുടരണം. വാക്‌സിൻ 100 ശതമാനം സംരക്ഷണം നൽകില്ല. ബൂസ്റ്റർ ഡോസിന്റെ ആവശ്യകതയും അത് എടുക്കേണ്ടതിന്റെ ഇടവേളയും തിരിച്ചറിഞ്ഞാൽ അതിനുള്ള മാർഗനിർദേശങ്ങൾ പുറത്തിറക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കോവിഡിനെതിരേ വാക്‌സിന്റെ ബൂസ്റ്റർ ഡോസ് എടുക്കേണ്ടിവരുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബൂസ്റ്റർ ഡോസിന്റെ ആവശ്യകത വന്നാൽ അക്കാര്യം ജനങ്ങളെ അറിയിക്കുമെന്നാണ് വികെ പോൾ പ്രതികരിച്ചത്.


‘ബൂസ്റ്റർ ഡോസിന്റെ ആവശ്യകത വന്നാൽ എല്ലാവരേയും അറിയിക്കും. ഇക്കാര്യത്തിൽ പഠനങ്ങൾ പുരോഗമിക്കുകയാണ്. കോവാക്‌സിന്റെ ബൂസ്റ്റർ ഡോസ് ആറ് മാസത്തിന് ശേഷം എടുക്കണോ വേണ്ടയോ എന്നതിൽ പരീക്ഷണങ്ങൾ നടക്കുകയാണ്’-ഡോ. പോൾ പറഞ്ഞു.

Exit mobile version