കേന്ദ്രമന്ത്രിമാര്‍ക്ക് മൂന്ന് കുട്ടികളാകാം, എന്നാല്‍ ലക്ഷദ്വീപ് പഞ്ചായത്തംഗങ്ങള്‍ക്ക് അത് പറ്റില്ല; അഡ്മിനിസ്‌ട്രേറ്ററുടെ നടപടിയെ വിമര്‍ശിച്ച് മഹുവ മൊയ്ത്ര

കൊല്‍ക്കത്ത: ലക്ഷദ്വീപില്‍ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പേട്ടല്‍ നടത്തുന്ന ജനദ്രോഹ നയങ്ങള്‍ക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഇപ്പോള്‍ പ്രഫുല്‍ ഖോഡ പേട്ടലിന്റെ നടപടിയെ വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുകയാണ് തൃണമൂല്‍ എം.പി മഹുവ മൊയ്ത്ര. രണ്ടില്‍ കൂടുതല്‍ മക്കളുള്ള ദ്വീപിലെ പഞ്ചായത്തംഗങ്ങളെ തല്‍സ്ഥാനത്തുനിന്ന് അയോഗ്യരാക്കുമെന്ന കരട് നിയമത്തെ ചോദ്യം ചെയ്താണ് മഹുവ മൊയ്ത്ര എത്തിയത്.

‘നിലവിലെ കേന്ദ്ര പ്രതിരോധ, വിദേശകാര്യ, റോഡ് ഗതാഗത മന്ത്രിമാര്‍ക്കെല്ലാം മൂന്ന് കുട്ടികള്‍ വീതമുണ്ട്. ഈ സാഹചര്യത്തില്‍, ലക്ഷദ്വീപിലെ രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ള പഞ്ചായത്ത് അംഗങ്ങളെ അയോഗ്യരാക്കുന്ന കരട് നിയമം ദ്വീപിലെ ബി.ജെ.പി അഡ്മിനിസ്‌ട്രേറ്റര്‍ എങ്ങനെയാണ് അവതരിപ്പിക്കുന്നത്?” എന്നാണ് മഹുവ ചോദിച്ചത്. ട്വീറ്റിലൂടെയായിരുന്നു മഹുവ മൊയ്ത്രയുടെ ചോദ്യം.

കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിങ്ങിന് മൂന്ന് മക്കളാണുള്ളത്. ഒരാണും രണ്ട് പെണ്ണും. മകന്‍ പങ്കജ് സിങ് യു.പി എം.എല്‍.എയാണ്. ജാപ്പനീസ് വംശജയായ ക്യോകോയെ വിവാഹം കഴിച്ച കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറിനും മൂന്ന് കുട്ടികളാണുള്ളത്. രണ്ട് ആണ്‍മക്കളും ഒരുപെണ്ണും. റോഡ് ഗതാഗത മന്ത്രിയും ബി.ജെ.പി മുന്‍ ദേശീയ അധ്യക്ഷനുമായ നിതിന്‍ ഗഡ്കരിക്ക് നിഖില്‍, സാരംഗ്, കെറ്റ്കി എന്നീ മൂന്ന് മക്കളുണ്ട്.

Exit mobile version