അമ്മയുടെ അടുത്തേക്ക് ഓടിയെത്തിയിട്ടും കാര്യമില്ലല്ലോ, ജീവന് വേണ്ടി പിടയുന്ന കുറേ പേരുണ്ടിവിടെ; അമ്മയുടെ മരണവാർത്തയറിഞ്ഞിട്ടും ആംബുലൻസ് വളയം പിടിച്ച് പ്രഭാത്

ലഖ്‌നൗ: അമ്മയുടെ മരണവാർത്തയറിഞ്ഞിട്ടും നാട്ടിലേക്ക് ഓടിയെത്താതെ തന്നെക്കൊണ്ടാകും വിധം നിരവധി പേരുടെ ജീവൻ രക്ഷിക്കാനായി ആംബുലൻസുമായി പാഞ്ഞ് ഈ യുവാവ്. ‘എന്റെ അമ്മ പോയി, പക്ഷെ അമ്മയുടെ അരികിലേക്ക് ഞാൻ ഓടിയെത്തിയിട്ടും കാര്യമില്ലല്ലോ, ജീവന് വേണ്ടി പിടയുന്ന കുറേ പേരുണ്ടിവിടെ, അവരെ ആശുപത്രിയിലെത്തുകയാണ് പ്രധാനം. എന്റെ അമ്മ സ്വർഗത്തിലിരുന്ന് അത് കണ്ട് ആഹഌദിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നുണ്ടാവും. അതു മതിയെനിക്ക്’. അമ്മയുടെ വിയോഗവാർത്തയറിഞ്ഞ പ്രഭാത് യാദവിന്റെ വാക്കുകളാണിത്.

മഥുരയിൽ ആംബുലൻസ് ഡ്രൈവറായി പ്രവർത്തിക്കുകയാണ് പ്രഭാത്. തന്റെ ജോലി സമയം പൂർത്തിയാക്കിയ ശേഷമാണ് ഈ യുവാവ് നാട്ടിലേക്ക് മടങ്ങിയത്. പതിനഞ്ച് രോഗികളെ കൂടി ആശുപത്രിയിലെത്തിച്ച ശേഷമാണ് പ്രഭാത് 200 കിലോമീറ്റർ അകലെയുള്ള വീട്ടിലേക്ക് പോയത്. അന്ത്യകർമങ്ങൾക്ക് ശേഷം അടുത്ത ദിവസം തന്നെ ജോലിക്കായി മടങ്ങിയെത്തുകയും ചെയ്തു. പ്രഭാതിന്റെ അച്ഛൻ കഴിഞ്ഞ നവംബറിൽ കോവിഡ് ബാധിച്ചു മരിച്ചിരുന്നു. അന്നും വീട്ടിലെത്തി അച്ഛന്റെ അന്ത്യശുശ്രൂഷകൾക്ക് ശേഷം അടുത്ത ദിവസം തന്നെ പ്രഭാത് ജോലിക്കായി തിരികെയെത്തി.

കോവിഡ് രോഗികളെ ആശുപത്രിയിലെത്തിക്കുകയാണ് പ്രധാനമായും പ്രഭാത് ചെയ്യുന്നത്. അമ്മ മരിച്ച വിവരവുമായി ഫോൺവിളിയെത്തുമ്പോഴും പ്രഭാത് ഡ്യൂട്ടിയിലായിരുന്നു. തന്റെ ഷിഫ്റ്റ് പൂർത്തിയാക്കാതെ പോയാൽ രോഗികളെ ആശുപത്രിയിലെത്തിക്കാൻ ചിലപ്പോൾ ആ സമയത്ത് ഡ്രൈവറെ കിട്ടിയെന്ന് വരില്ല. എന്തായാലും ജോലി സമയത്തിന് ശേഷം എത്താമെന്ന് അദ്ദേഹം ബന്ധുക്കളെ അറിയിക്കുകയായിരുന്നു. ഒമ്പത് കൊല്ലമായി 108 ആംബുലൻസിന്റെ ഡ്രൈവറാണ് പ്രഭാത്.

Exit mobile version