മാസ്‌ക് ധരിച്ചില്ല; നടുറോഡില്‍ വെച്ച് യുവതിയെ പോലീസുദ്യോഗസ്ഥര്‍ ചേര്‍ന്ന് തല്ലിചതച്ചു; മര്‍ദ്ദനം മകള്‍ നോക്കി നില്‍ക്കെ

Wearing Mask | Bignewslive

ഭോപ്പാല്‍: കൊവിഡ് വ്യാപനം രൂക്ഷമായി നിലനില്‍ക്കെ, മാസ്‌ക് ധരിച്ചില്ലെന്ന് ആരോപിച്ച് യുവതിക്ക് പോലീസിന്റെ ക്രൂരമര്‍ദ്ദനം. മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലാണ് ക്രൂരമായ മര്‍ദ്ദനം നടന്നത്. മകള്‍ സമീപത്ത് നില്‍ക്കവെയായിരുന്നു പോലീസ് സംഘത്തിന്റെ അഴിഞ്ഞാട്ടം. മര്‍ദ്ദിച്ചശേഷം ഇവരെ റോഡിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്തു.

ഒരു വനിതാ പോലീസുദ്യോഗസ്ഥ യുവതിയെ വാഹനത്തില്‍ കൊണ്ടുപോകാന്‍ ശ്രമിക്കുകയും എന്നാല്‍ താന്‍ വരില്ലെന്ന് പറഞ്ഞ് യുവതി കുതറിയോടാന്‍ തുടങ്ങിയതോടെയാണ് മറ്റ് പോലീസുദ്യോഗസ്ഥര്‍ ചേര്‍ന്ന് യുവതിയെ തല്ലിചതച്ചത്. പോലീസ് മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു.

ഇതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. പോലീസ് ജീപ്പില്‍ കയറാന്‍ വിസമ്മതിച്ച യുവതിയെ മുടിക്ക് കുത്തിപ്പിടിച്ച് റോഡിലേയ്ക്ക് വനിതാ പോലീസ് വലിച്ചിഴച്ചു. പിന്നീട് നാലു പുരുഷ പോലീസുകാരും ഒരു വനിതാ പോലീസുമടങ്ങിയ സംഘവും ചേര്‍ന്ന് മര്‍ദ്ദനത്തിന് ഇരയാക്കുകയായിരുന്നു. ഇതിനിടെ മര്‍ദ്ദനം തടയാന്‍ ശ്രമിക്കുന്ന മകളെ പോലീസ് തള്ളിമാറ്റുന്നുണ്ട്. സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്.

Exit mobile version