മാസ്‌ക് ധരിച്ചില്ലെങ്കില്‍ കൊവിഡ് സെന്ററില്‍ നിര്‍ബന്ധിത സാമൂഹിക സേവനം; ഗുജറാത്ത് ഹൈക്കോടതിയുടെ ഉത്തരവ്, വിജ്ഞാപനം ഇറക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം

Wearing face mask | Bignewslive

അഹമ്മദാബാദ്: കൊവിഡ് വ്യാപനം നിലവില്‍ ഗുജറാത്തില്‍ രൂക്ഷമായി തന്നെ മുന്‍പോട്ട് പോവുകയാണ്. ഈ സാഹചര്യത്തില്‍ മാസ്‌ക് ധരിച്ചില്ലെങ്കില്‍ കൊവിഡ് സെന്ററില്‍ നിര്‍ബന്ധിത സാമൂഹിക സേവനം ശിക്ഷയായി നല്‍കണമെന്ന് ഗുജറാത്ത് ഹൈക്കോടതിയുടെ ഉത്തരവ്. ഇതുസംബന്ധിച്ച് വിജ്ഞാപനം പുറത്തിറക്കാന്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കി.

നേരത്തെ സംസ്ഥാനത്ത് കൊവിഡ് വ്യാപനം തടയുന്നതിനുള്ള നിരവധി പരിപാടികള്‍ ഗുജറാത്ത് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് സ്വകാര്യ ലാബുകളിലെ ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് 800 രൂപയായി കുറയ്ക്കുമെന്ന് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ ചൊവ്വാഴ്ച പ്രഖ്യാപിച്ചിരുന്നു. കൊവിഡ് വ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ വലിയ നാല് നഗരങ്ങളായ അഹമ്മദാബാദ്, രാജ്കോട്ട്, സൂററ്റ്, വഡോദര എന്നിവിടങ്ങളില്‍ സര്‍ക്കാര്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

നിലവിലെ കോവിഡ് സാഹചര്യം കണക്കിലെടുത്ത് നവംബര്‍ 23 മുതല്‍ തുറക്കാനിരുന്ന സംസ്ഥാനത്തെ സ്‌കൂളുകളും കോളേജുകളും തുറക്കുന്നതും ഗുജറാത്ത് മാറ്റിവച്ചിരുന്നു. സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഗുജറാത്തില്‍ ഇതുവരെ 211095 പേര്‍ക്കാണ് കോവിഡ് റിപ്പോര്‍ട്ട് ചെയ്തത്. 192,209 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 4,001 പേര്‍ മരണപ്പെടുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയുടെയും ഇടപെടല്‍.

Exit mobile version