മരണപ്പെട്ട യാചകന്റെ വീട്ടിൽ നിന്ന് കണ്ടെടുത്തത് ലക്ഷങ്ങൾ; കൂട്ടത്തിൽ നിരോധിച്ച ആയിരത്തിന്റെ നോട്ടുകളും

തിരുപ്പതി: ക്ഷേത്ര പരിസരത്ത് ഭിക്ഷാടനം നടത്തിയിരുന്നയാളുടെ മരണത്തിന് പിന്നാലെ വീട് പരിശോധിച്ച ഉദ്യോഗസ്ഥരെ ഞെട്ടിച്ചുകൊണ്ട് വെളിപ്പെട്ടത് ലക്ഷങ്ങളുടെ സമ്പാദ്യം. മരണമടഞ്ഞ യാചകന്റെ വീട്ടിൽനിന്ന് ലക്ഷങ്ങളാണ്തിരുമല തിരുപ്പതി ദേവസ്വത്തിന്റെ വിജിലൻസ് വിഭാഗം ഉദ്യോഗസ്ഥർ കണ്ടെത്തിയത്. നിരോധിച്ച ആയിരത്തിന്റെ നോട്ടുകൾ ഉൾപ്പെടെയുള്ള പണമാണ് കണ്ടെടുത്തത്.

ഭിക്ഷയെടുത്തും ചെറിയ ജോലികൾ ചെയ്തുമായിരുന്നു ശ്രീനിവാസാചാരിയുടെ ജീവിതം. 2007ൽ തിരുമലയിൽ ശ്രീനിവാസാചാരിക്ക് താമസിക്കാൻ ഒരു വീട് നൽകിയിരുന്നു. അന്നുമുതൽ തന്റെ സമ്പാദ്യം വീട്ടിൽ അദ്ദേഹം സൂക്ഷിച്ചുപോരുകയായിരുന്നു. കഴിഞ്ഞവർഷം രോഗബാധിതനായി അദ്ദേഹം മരണമടഞ്ഞു. ബന്ധുക്കളാരും ഇല്ലാത്തതിനാൽ ശ്രീനിവാസാചാരിക്ക് നൽകിയ വീട് തിരിച്ചെടുക്കാൻ തിരുമല തിരുപ്പതി ദേവസ്ഥാനം തീരുമാനിക്കുകയായിരുന്നു.

ഇതേതുടർന്നാണ് ടിടിഡിയും റവന്യൂ അധികൃതരും കഴഞ്ഞദിവസം ശ്രീനിവാസാചാരിയുടെ വീട്ടിലെത്തിയത്. വീട്ടിനുള്ളിൽ നടത്തിയ പരിശോധനയിൽ രണ്ടു പെട്ടികളും കണ്ടെടുത്തു. പെട്ടിനിറയെ പണം കണ്ട് ഉദ്യോഗസ്ഥർ അമ്പരക്കുകയായിരുന്നു. അതിൽ നിരോധിച്ച ആയിരത്തിന്റെ നോട്ടുകൾ ഉൾപ്പെടെ 10 ലക്ഷം രൂപയുണ്ടായിരുന്നു. കണ്ടുകെട്ടിയ പണം ടിടിഡി അധികൃതർ ടിടിഡി ട്രഷറിയിൽ നിക്ഷേപിച്ചു.

Exit mobile version