മോഡിയുടെ സ്വപ്‌നത്തിനായി പൊളിക്കുന്നത് ഡൽഹിയിലെ ചരിത്രപ്രാധാന്യമുള്ള മൂന്ന് കെട്ടിടങ്ങൾ; സെൻട്രൽ വിസ്ത ഉയരുക ചരിത്രത്തെ മൺകൂനയാക്കി

modi-and-central-vista

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സെൻട്രൽ വിസ്ത എന്ന സ്വപ്‌ന പദ്ധതിക്കായി പൊളിച്ചുമാറ്റേണ്ടി വരിക ഡൽഹിയിലെ ചരിത്രപ്രാധാന്യമുള്ള മൂന്ന് കെട്ടിടങ്ങളും. നാഷണൽ മ്യൂസിയം, ഇന്ദിരാഗാന്ധി നാഷണൽ സെന്റർ ഫോർ ദ് ആർട്‌സ്, നാഷണൽ ആർക്കൈവ്‌സ് എന്നിവയാണ് പൊളിച്ചുനീക്കേണ്ടി വരിക. ഇവയ്ക്കു പുറമേ ശാസ്ത്രി ഭവൻ, കൃഷി ഭവൻ, വിജ്ഞാൻ ഭവൻ, ഉപരാഷ്ട്രപതിയുടെ വസതി, ജവഹർ ഭവൻ, നിർമ്മാൺ ഭവൻ, ഉദ്യോഗ് ഭവൻ, രക്ഷാഭവൻ എന്നിവയും പൊളിച്ചുനീക്കും. 4,58,820 ചതുരശ്രമീറ്റർ കെട്ടിടമാണ് ആകെ പൊളിച്ചുമാറ്റുന്നത്.

നാഷണൽ മ്യൂസിയം പൊളിക്കുന്നതാണ് ചരിത്രത്തെ അടയാളപ്പെടുത്തുന്ന ഒട്ടേറെ രേഖകൾ നശിക്കുമോ എന്ന ആശങ്ക ഉയർത്തുന്നത്. അമൂല്യമായ നിരവധി ശിൽപങ്ങൾ, പ്രതിമകൾ, നാണയങ്ങൾ, ചിത്രങ്ങൾ, ആഭരണങ്ങൾ എന്നിവ സൂക്ഷിച്ചുവെച്ചിരിക്കുന്ന സ്ഥലമാണ് നാഷണൽ മ്യൂസിയം. ഇവയെല്ലാം നോർത്ത് ബ്ലോക്കിൽ നിന്ന് സൗത്ത് ബ്ലോക്കിലേക്ക് മാറ്റാനാണ് പദ്ധതി.

നാഷണൽ ആർക്കൈവ്‌സിന്റെ പ്രധാന കെട്ടിടം തകർക്കില്ല. അനക്‌സ് കെട്ടിടം പൊളിച്ചുമാറ്റി പകരം പുതിയത് നിർമ്മിക്കും. 45 ലക്ഷത്തോളം പുരാവസ്തു രേഖകളാണ് നാഷണൽ ആർക്കൈവ്‌സിലുളളത്. മുഗൾ രാജവംശക്കാലത്തെ രേഖകളുൾപ്പെടെയുള്ള ചരിത്ര രേഖകൾ പൂർണമായും സുരക്ഷിതമായി മാറ്റുന്നത് വെല്ലുവിളി നിറഞ്ഞ പ്രവർത്തിയായിരിക്കും. ഇത് അധികൃതർക്കും തലവേദനയാവുകയാണ്.

ഇന്ദിരാഗാന്ധി നാഷണൽ സെന്റർ ഫോർ ആർട്‌സിലുള്ള പൈതൃക ശേഖരങ്ങൾ താൽക്കാലികമായി ജൻപത് ഹോട്ടലിൽ ഒരുക്കിയ ഇടത്തേക്കാകും മാറ്റുന്നത്.

മോഡി സർക്കാരിന്റെ സ്വപ്‌ന പദ്ധതിയായ സെൻട്രൽ വിസ്തയിൽ പുതിയ പാർലമെന്റ് മന്ദിരം, പ്രധാനമന്ത്രിയുടേയും ഉപരാഷ്ട്രപതിയുടേയും ഔദ്യോഗിക വസതികൾ എന്നിവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 20,000 കോടി രൂപ ചെലവിലാണ് സർക്കാരിന്റെ സെൻട്രൽ വിസ്ത പദ്ധതി പൂർത്തിയാക്കുക.

Exit mobile version