നമ്മുടെ കുഞ്ഞുങ്ങൾക്ക് നൽകേണ്ട വാക്‌സിൻ വിദേശത്തേക്ക് അയച്ചതെന്തിന്? ഞാനും ചോദിക്കുന്നു, എന്നേയും അറസ്റ്റ് ചെയ്യൂ; കേന്ദ്രത്തോട് പ്രകാശ് രാജ്

pm-modi

ബംഗളൂരു: കോവിഡ് വാക്‌സിൻ വിദേശത്തേക്ക് കയറ്റി അയച്ചതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരേ പോസ്റ്റർ പ്രചരിപ്പിച്ചതിന് 15 പേർ അറസ്റ്റിലായ സംഭവത്തിൽ പ്രതിഷേധം കനക്കുന്നു. കോവിഡ് മഹാമാരി കൈകാര്യം ചെയ്യുന്നതിൽ മോഡി സർക്കാർ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു പോസ്റ്റർ പ്രചരിപ്പിച്ച് പ്രതിഷേധം. ഇതിന് പിന്നാലെ പ്രതികരണവുമായി നടൻ പ്രകാശ് രാജും രംഗത്തെത്തിയിരിക്കുകയാണ്.

നമ്മുടെ കുഞ്ഞുങ്ങൾക്ക് നൽകേണ്ട വാക്‌സിൻ എന്തിനാണ് വിദേശരാജ്യങ്ങൾക്ക് നൽകിയത്? എന്നതായിരുന്നു പോസ്റ്ററിലെ ഉള്ളടക്കം. പോസ്റ്ററിലെ ഇതേ ചോദ്യം ട്വീറ്റ് ചെയ്ത് കൊണ്ടാണ് പ്രകാശ് രാജ് പ്രതിഷേധം അറിയിച്ചത്. താനും ചോദിക്കുന്നു, എന്നെയും അറസ്റ്റ് ചെയ്യു എന്നും പ്രകാശ് രാജ് കൂട്ടിച്ചേർത്തു.

ഇതിനിടെ, സംഭവം കൂടുതൽ സങ്കീർണതയിലേക്ക് നീങ്ങുകയാണ്. വിഷയത്തിൽ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യുമെന്ന് ഡൽഹി പോലീസ് വ്യക്തമാക്കി. പോസ്റ്ററുകൾക്കു പിന്നിൽ ആരാണെന്ന് കണ്ടെത്തുന്നതിന് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

പോസ്റ്ററുകൾ പതിച്ച ഇടങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണെന്നും കൂടുതൽ പേർ പിടിയിലാകുമെന്നും പോലീസ് വ്യക്തമാക്കി. 500 രൂപയ്ക്ക് വേണ്ടിയാണ് പോസ്റ്റർ പതിച്ചതെന്നും ഇതിന് പിന്നിൽ വേറെ ആളുകളാണെന്നും അറസ്റ്റിലായ ഒരാൾ പറഞ്ഞതായാണ് വിവരം.

Exit mobile version