എല്ലാ ജീവനക്കാര്‍ക്കും സൗജന്യ വാക്‌സിനും ഒരു ലക്ഷം രൂപയുടെ ഇന്‍ഷൂറന്‍സും; മഹാമാരിയില്‍ ആശ്വാസ നടപടിയുമായി മഹീന്ദ്ര ഗ്രൂപ്പ്

ന്യൂഡല്‍ഹി: കോവിഡ് രണ്ടാം വ്യാപനം അതിരൂക്ഷമായിരിക്കെ ജീവനക്കാര്‍ക്ക് ആശ്വാസ നടപടിയുമായി വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്ര ഗ്രൂപ്പ്. കമ്പനിയിലെ എല്ലാ ജീവനക്കാര്‍ക്കും സൗജന്യ വാക്‌സിന്‍ ലഭ്യമാക്കുമെന്ന് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര വ്യക്തമാക്കി.

രണ്ട് ഡോസുകള്‍ക്കുമായി പരമാവധി 1500 രൂപയാണ് കമ്പനി നല്‍കുക. ഒപ്പം ഒരു ലക്ഷം രൂപയുടെ ഇന്‍ഷൂറന്‍സും ജീവനക്കാര്‍ക്കായി നല്‍കും. ക്വാറന്റീന്‍ ചെലവുകള്‍ക്കായി 10,000 രൂപ ഉള്‍പ്പെടെ നല്‍കുന്നതാണ് ഇന്‍ഷൂറന്‍സ് പരിരക്ഷ.

മഹീന്ദ്രയുടെ രാജ്യത്തുടനീളമുള്ള ഡീലര്‍ഷിപ്പുകളിലെ ജീവനക്കാര്‍ക്കും സൗജന്യ വാക്‌സിന്‍ ലഭിക്കും. 2022 മാര്‍ച്ച് 31 വരെ വാക്സിനേഷനായി പണം നല്‍കാനാണ് കമ്പനിയുടെ തീരുമാനം. കോവിഡ് രണ്ടാം തരംഗം ഇന്ത്യന്‍ സമ്പദ്ഘടനയെ രൂക്ഷമായി ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഇതില്‍ വാഹന വിപണിയാവും ഏറ്റവും കൂടുതല്‍ പ്രതിന്ധിയിലാവുക. പ്രതികൂല സാഹചര്യത്തിലും ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ ശ്രമിക്കുന്ന കമ്പനിയുടെ നീക്കത്തെ അഭിനന്ദിച്ച് സോഷ്യല്‍ മീഡിയയും രംഗത്തുവന്നിട്ടുണ്ട്.

അതേസമയം ഇന്ത്യയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്ന് ലക്ഷത്തിലേക്ക് അടുക്കുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം 2,70,284 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയിരിക്കുന്നത്. ഇന്നലെ മാത്രം 4,077 പേര്‍ വൈറസ് ബാധയേറ്റ് മരണപ്പെട്ടു.

Exit mobile version