കൊറോണ വൈറസിനും ജീവിക്കാൻ അവകാശമുണ്ട്; മനുഷ്യർ ഇല്ലാതാക്കാൻ ശ്രമിക്കുന്നതുകൊണ്ട് ജനിതകമാറ്റം ഉണ്ടാകുന്നെന്ന് ബിജെപി മുൻമുഖ്യമന്ത്രി; ട്രോളി സോഷ്യൽമീഡിയ

trivendra singh

ഡെറാഡൂൺ: കൊറോണ വൈറസ് ഒരു ജീവജാലമാണെന്നും അതിനും ജീവിക്കാൻ അവകാശമുണ്ടെന്നും പ്രസ്താവിച്ച് മുൻബിജെപി മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ ത്രിവേന്ദ്ര സിങ് റാവത്ത്. വ്യാഴാഴ്ച ഒരു സ്വകാര്യ വാർത്താ ചാനലിനോട് സംസാരിക്കവേയാണ് ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി കൂടിയായ ബിജെപി നേതാവ് ത്രിവേന്ദ്ര സിങ് കൊറോണയുടെ ‘അവകാശങ്ങൾക്ക്’ വേണ്ടി വാദിച്ചത്.

‘ദാർശനികമായി ചിന്തിക്കുമ്പോൾ കൊറോണ വൈറസും ഒരു ജീവജാലമാണ്. നമ്മളെപ്പോലെ ജീവിക്കാനുള്ള അവകാശം കൊറോണ വൈറസിനും ഉണ്ട്. നമ്മൾ മനുഷ്യർ ഏറ്റവും ബുദ്ധിമാന്മാരാണെന്ന് കരുതുകയും കൊറോണയെ ഇല്ലാതാക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. അതിനാൽ തന്നെ വൈറസ് നിരന്തരം ജനിതകമാറ്റത്തിന് വിധേയമാകുന്നു’- എന്നായിരുന്നു ത്രിവേന്ദ്രയുടെ പ്രസ്താവന.

അതേസമയം, വൈറസിനെ മറികടക്കാൻ നമ്മൾ സുരക്ഷിതരായി ഇരിക്കേണ്ടതുണ്ടെന്നും ത്രവേന്ദ്ര കൂട്ടി ചേർത്തു. അതേസമയം, അദ്ദേഹത്തിന്റെ പരാമർശത്തിന്റെ വീഡിയോ പുറത്തെത്തിയതോടെ വലിയ രീതിയിലുള്ള ട്രോളുകളും സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്. കേന്ദ്രസർക്കാർ പുതുതായി നിർമ്മിക്കുന്ന സെൻട്രെൽ വിസ്തയിൽ കൊവിഡിന് അഭയം നൽകണമെന്ന് റാവത്തിനെ പരിഹസിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ നിരവധി പേർ കുറിക്കുന്നു.

Exit mobile version