ആവശ്യത്തിന് വാക്‌സിൻ നൽകാതെ വാക്‌സിൻ എടുക്കൂവെന്ന് ജനങ്ങളോട് പറയുന്നത് അരോചകം; കേന്ദ്രത്തിന്റെ ഡയലർ ട്യൂൺ ആശയത്തെ വിമർശിച്ച് ഹൈക്കോടതി

modi

ന്യൂഡൽഹി: കോവിഡ് വാക്‌സിൻ എടുക്കേണ്ടതിന്റെ ആവശ്യകത ഓർമ്മിപ്പിക്കുന്ന കേന്ദ്രസർക്കാർ നിർദേശം ഫോൺ കോളിന് മുമ്പ് ഡയലർ ട്യൂൺ ആയി കേൾപ്പിക്കുന്നതിനെ വിമർശിച്ച് ഡൽഹി ഹൈക്കോടതി. സന്ദേശം അരോചകമാണെന്നും ആവശ്യത്തിന് വാക്‌സിൻ ഇല്ലാതിരുന്നിട്ടും ആളുകളോട് വാക്‌സിൻ എടുക്കാൻ അഭ്യർഥിക്കുന്നത് എത്രകാലം തുടരുമെന്നും കോടതി ചോദ്യം ചെയ്തു.

‘നിങ്ങൾ ആളുകൾക്ക് വാക്‌സിൻ നൽകുന്നില്ല. എന്നിട്ടും നിങ്ങൾ പറയുന്നു, വാക്‌സിൻ എടുക്കൂ എന്ന്. വാക്‌സിനേഷൻ ഇല്ലാതിരിക്കുമ്പോൾ ആർക്കാണ് വാക്‌സിൻ ലഭിക്കുക. ഈ സന്ദേശം കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്’- ജസ്റ്റിസുമാരായ വിപിൻ സാംഘി, രേഖ പള്ളി എന്നിവരടങ്ങിയ ബെഞ്ച് ആരാഞ്ഞു.

നിങ്ങൾ പണം ഈടാക്കാൻ പോവുകയാണെങ്കിൽ കൂടിയും വാക്‌സിൻ എല്ലാവർക്കും നൽകണം. കുട്ടികൾ പോലും അത് തന്നെയാണ് പറയുന്നത്. കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുക്കുന്നതുമായി ബന്ധപ്പെട്ട് ഒരേ സന്ദേശം തുടരെ കേൾപ്പിക്കുന്നതിനു പകരം കൂടുതൽ സന്ദേശങ്ങൾ സർക്കാർ തയ്യാറാക്കണമെന്നും കോടതി പറഞ്ഞു.

ഓക്‌സിജൻ കോൺസെൻട്രേറ്ററുകളുടെയും സിലിണ്ടറുകളുടെയും ഉപയോഗം, വാക്‌സിനേഷൻ തുടങ്ങിയ കാര്യങ്ങളെ കുറിച്ച് ജനങ്ങൾക്ക് ബോധവത്കരണം നൽകുന്ന പരിപാടികൾ തയ്യാറാക്കി ടെലിവിഷൻ അവതാരകരെ ഉപയോഗിച്ച് എല്ലാ ചാനലിലും സംപ്രേഷണം ചെയ്തുകൂടേയെന്നും കോടതി ചോദിച്ചു.

കൈ കഴുകുന്നതും മാസ്‌ക് ധരിക്കുന്നതുമായി ബന്ധപ്പെട്ട് ബോധവത്കരണം നടത്തുന്ന പരസ്യങ്ങളും പ്രചാരണങ്ങളും കഴിഞ്ഞ വർഷം ഉണ്ടായിരുന്നു. ഇത്തവണ ഓക്‌സിജൻ കോൺസെൻട്രേറ്ററുകളുടെ ഉപയോഗം തുടങ്ങിയവയെ കുറിച്ച് ബോധവത്കരണം നടത്തണമെന്നും കോടതി ആവശ്യപ്പെട്ടു.

Exit mobile version