കോവിഡ് സമ്മര്‍ദ്ദമകറ്റാന്‍ ഡാര്‍ക്ക് ചോക്ലേറ്റ് കഴിച്ചാല്‍ മതിയെന്ന് ഹര്‍ഷവര്‍ധന്‍; ആരോഗ്യമന്ത്രിയോട് തെളിവ് ആവശ്യപ്പെട്ട് വിദഗ്ദര്‍, റേഷന്‍ കടകളിലൂടെ നല്‍കുമോ എന്ന് സോഷ്യല്‍ ലോകം

ന്യൂഡല്‍ഹി: കോവിഡ് രോഗവുമായി ബന്ധപ്പെട്ട സമ്മര്‍ദ്ദമകറ്റാന്‍ ഡാര്‍ക്ക് ചോക്ലേറ്റ് കഴിച്ചാല്‍ മതിയെന്ന കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്റെ അവകാശവാദത്തിനെതിരെ വിദഗ്ദരും സോഷ്യല്‍മീഡിയയും രംഗത്ത്.

പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനും സമ്മര്‍ദ്ദം കുറയ്ക്കുന്നതിനുമായി 70 ശതമാനം കൊക്കോ അടങ്ങിയ ഡാര്‍ക്ക് ചോക്ലേറ്റ് കഴിച്ചാല്‍ മതിയെന്നായിരുന്നു ആരോഗ്യമന്ത്രിയുടെ വിവാദ പ്രസ്താവന.

ലാന്‍സെറ്റ് മെഡിക്കല്‍ ജേണല്‍ അവരുടെ ശനിയാഴ്ചത്തെ എഡിറ്റോറിയലിലൂടെ ഇതിനെതിരെ പ്രതികരിച്ചിരുന്നു. കോവിഡ് സാഹചര്യത്തില്‍ എന്താണ് ഇതിന് തെളിവെന്നാണ് ഗവേഷകരുടെ ചോദ്യം.

‘എത്രപേര്‍ക്ക് ഡാര്‍ക്ക് ചോക്ലേറ്റുകള്‍ വാങ്ങാന്‍ കഴിയും? മന്ത്രി തെളിവുകള്‍ അടിസ്ഥാനമാക്കിയുള്ള പ്രസ്താവനകള്‍ നടത്തണം,’ പൂനെ, ഭോപാല്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ബയോഎത്തിക്‌സ് ഗവേഷകനായ ആനന്ദ് ഭാന്‍ വ്യക്തമാക്കി.

ശരീരത്തില്‍ വിറ്റാമിനും ധാതുക്കളും വര്‍ധിപ്പിക്കുന്നതിന് പച്ചക്കറികളും പഴങ്ങളും കഴിക്കണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടിരുന്നു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ ആഹ്വാനം.

ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കാനുള്ള മന്ത്രിയുടെ ആഹ്വാനത്തെ പൊതുവിതരണ സംവിധാനം മാറ്റിയോ എന്ന് പരിഹസിക്കുകയാണ് ട്വിറ്റര്‍ ലോകം. റേഷന്‍ കടകള്‍ മാറ്റി ഇനി അതുവഴി ഡാര്‍ക്ക് ചോക്ലേറ്റ് മാത്രം നല്‍കുമോ എന്നാണ് ചിലര്‍ ചോദിക്കുന്നത്.

Exit mobile version