സ്‌ക്രീനില്‍ രാമായണ പ്രദര്‍ശനം, കേള്‍ക്കാന്‍ മഹാ മൃത്യുഞ്ജയ മന്ത്രവും ഗായത്രി മന്ത്രവും; ബിജെപിയുടെ ക്വാറന്റൈന്‍ കേന്ദ്രം

ഭോപ്പാല്‍: വലിയ സ്‌ക്രീനില്‍ രാമായണ പ്രദര്‍ശനവും മഹാ മൃത്യുഞ്ജയ മന്ത്രവും ഗായത്രി മന്ത്രവും കേള്‍പ്പിച്ചും ഭോപ്പാലിലെ ക്വാറന്റൈന്‍ കേന്ദ്രം.

ചെറിയ ലക്ഷണങ്ങളുളള കോവിഡ് രോഗികള്‍ക്കായി ഒരുക്കിയ 1000 കിടക്കകളടങ്ങിയ ക്വാറന്റൈന്‍ കേന്ദ്രത്തിലാണ് ഇതൊക്കെ ഉള്ളത്.

രോഗികള്‍ക്ക് രോഗാരിഷ്ടത അകറ്റാന്‍ യോഗയും പിന്നെ വലിയ സ്‌ക്രീനില്‍ രാമായണ പ്രദര്‍ശനവും ഇവിടെയുണ്ടാകുമെന്നാണ് നടത്തിപ്പുകാര്‍ അറിയിക്കുന്നത്. ബിജെപി സംസ്ഥാന ഘടകവും മാധവ് സേവാ കേന്ദ്രവും ചേര്‍ന്നാണ് ക്വാറന്റൈന്‍ കേന്ദ്രം ആരംഭിച്ചത്.

രോഗികളുടെ മാനസികോല്ലാസത്തിനാണ് യോഗയും രാമായണം,മഹാഭാരതം എന്നിവയുടെ പ്രദര്‍ശനവും നടത്തുന്നത്. സമൂഹത്തില്‍ ആലംബമില്ലാത്തവരും സ്വന്തം വീട്ടില്‍ ക്വാറന്റൈനിലിരിക്കാന്‍ പാകത്തിന് സൗകര്യമില്ലാത്തവരുമാണ് ഇവിടെ എത്തുന്നവര്‍.

ആരോഗ്യകേന്ദ്രത്തിലെ വാര്‍ഡുകള്‍ക്ക് പ്രശസ്തരുടെയും സ്വാതന്ത്ര്യസമര സേനാനികളുടെയും പേരാണ് നല്‍കിയിരിക്കുന്നത്. മഹാത്മാഗാന്ധി, സുഭാഷ് ചന്ദ്ര ബോസ്, അബ്ദുള്‍ കലാം, സര്‍ദാര്‍ പട്ടേല്‍, ഭോജ രാജാവ് എന്നിങ്ങനെ പലരുടെയും പേരിലുണ്ട് വാര്‍ഡുകള്‍. വനിതാ വിഭാഗത്തിന് റാണി ലക്ഷ്മി ബായ്, റാണി കമല്‍പതി എന്നിങ്ങനെയാണ് പേര്.

ഓരോ ബെഡിലും മൊബൈല്‍ ചാര്‍ജ് ചെയ്യാനുളള സൗകര്യവും വെളളം തിളപ്പിക്കാനുളള സൗകര്യവുമുണ്ട്. ആവശ്യം വേണ്ടവര്‍ക്ക് ഓക്സിജന്‍ കോണ്‍സണ്‍ട്രേറ്ററുകളും നല്‍കും. എപ്പോഴും മഹാ മൃത്യുഞ്ജയ മന്ത്രവും ഗായത്രി മന്ത്രവും 24 മണിക്കൂറും ചികിത്സയില്‍ കഴിയുന്നവര്‍ക്ക് കേള്‍ക്കാനാകും.

Exit mobile version