ഗായകന്‍ ജി ആനന്ദ് കൊവിഡ് ബാധിച്ച് മരിച്ചു; മൂന്ന് ദിവസത്തിനിടെ സിനിമാലോകത്ത് മഹാമാരി എടുത്തത് ഏഴു പേരെ

ഹൈദരാബാദ്: മുതിര്‍ന്ന ഗായകനും സംഗീത സംവിധായകനുമായ ജി ആനന്ദ് അന്തരിച്ചു. 67 വയസായിരുന്നു. കൊവിഡ് ബാധയെ തുടര്‍ന്നാണ് അന്തരിച്ചത്. വൈറസ് ബാധയെ തുടര്‍ന്ന് ഹൈദരാബാദിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചയോടെ മരണപ്പെടുകയായിരുന്നു.

കോവിഡ് ബാധിച്ച് സിനിമാലോകത്തെ ഏഴാമത്തെ മരണമാണ് മൂന്ന് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തമിഴ്‌നടന്‍ പാണ്ഡു, ബോളിവുഡ് എഡിറ്റര്‍ അജയ് ശര്‍മ, ഗായകന്‍ കോമങ്കന്‍, നടി അഭിലാഷ പാട്ടീല്‍, നടി ശ്രീപ്രദ, എന്നിവരും കോവിഡിനെ തുടര്‍ന്നുണ്ടായ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്നാണ് ലോകത്തോട് വിടപറഞ്ഞത്.

ആന്ധ്രയിലെ ശ്രീകുളത്ത് ജനിച്ച ജി ആനന്ദ് പാണ്ഡണ്ടി കാപ്പുറം എന്ന ചിത്രത്തിലൂടെയാണ് ചുവടുവെയ്ക്കുന്നത്. അമേരിക്കാ അമ്മായി, ആമേ കാത, കല്‍പ്പന, ധന വീര, ബംഗാരക്ക, പ്രാണം ഖാരീദു തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങള്‍. പിന്നണി ഗാനരംഗത്ത് നിന്ന് പിന്നീട് സംഗീത സംവിധാനത്തിലും അദ്ദേഹം തന്റെ മുദ്ര പതിപ്പിക്കുകയായിരുന്നു. ഗാന്ധിനഗര്‍ രേവണ്ട വീതി, രംഗവല്ലി തുടങ്ങിയ ചിത്രങ്ങളില്‍ ആനന്ദ് പ്രവര്‍ത്തിച്ചു.

Exit mobile version