ബോളിവുഡിന്റെ സ്വരമാധുര്യം കെകെ ഓര്‍മയായി

കൊല്‍ക്കത്ത : പ്രശസ്ത ബോളിവുഡ് ഗായകന്‍ കെകെ (കൃഷ്ണകുമാര്‍ കുന്നത്ത്-53) ഓര്‍മയായി. ഹൃദയാഘാതത്തെത്തുടര്‍ന്ന് ഇന്നലെ രാത്രിയോടെയായിരുന്നു അന്ത്യം.

ഇന്നലെ രാത്രി കൊല്‍ക്കത്തയിലെ നസ്‌റുള്‍ മഞ്ചില്‍ നടന്ന സംഗീത പരിപാടിയ്ക്കിടെയുണ്ടായ അസ്വസ്ഥതകളെത്തുടര്‍ന്ന്‌ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ആശുപത്രിയിലെത്തി അധികം വൈകാതെ മരിച്ചു. ആശുപത്രിയിലെത്തിക്കുമ്പോഴേ മരണം സംഭവിച്ചിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്. കൊല്‍ക്കത്തയിലെ പരിപാടിയുടെ ദൃശ്യങ്ങള്‍ തന്റെ ഔദ്യോഗിക പേജില്‍ പത്ത് മണിക്കൂര്‍ മുമ്പ് കെകെ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ബോളിവുഡിലെ മലയാളി സ്വരമാധുര്യമായിരുന്നു കെകെ. തൃശൂര്‍ തിരുവമ്പാടി സ്വദേശി സി.എസ് മേനോന്റെയും പൂങ്കുന്നം സ്വദേശി കനകവല്ലിയുടെയും മകനായി 1968ല്‍ ഡല്‍ഹിയിലാണ് ജനനം. ആല്‍ബങ്ങളായും ജിംഗിളുകളായും സിനിമാഗാനങ്ങളായും കെകെയുടെ ശബ്ദം സംഗീതപ്രേമികളെ തേടിയെത്തിയിരുന്നു. പല്‍ എന്ന തന്റെ ആദ്യ ആല്‍ബത്തിലൂടെയാണ് കെ.കെ പ്രസിദ്ധി നേടുന്നത്. എക്കാലത്തെയും ബോളിവുഡ് ഹിറ്റുകളായ ഡോല രെ ഡോല (ദേവദാസ്), ആംഖോം മേ തേരി (ഓം ശാന്തി ഓം), ഖുദാ ജാനേ (ബച്ച് നാ ഏ ഹസീനോ), സജ്‌ദേ കി യേ ഹേ ലാഖോം (ഖട്ടാ മീഠാ) എന്നിവയെല്ലാം കെകെ തന്റെ മാന്ത്രികതയൊളിപ്പിച്ച ഗാനങ്ങളാണ്.

പുതിയ മുഖത്തിലെ രഹസ്യമായ് ആണ് മലയാളത്തില്‍ പാടിയിരിക്കുന്ന ഗാനം. ഗില്ലിയിലെ അപ്പടി പോട്, കാക്കെയിലെ ഉയിരിന്‍ ഉയിരെ എന്നിവയുള്‍പ്പടെ തമിഴിലും ഒട്ടേറെ ഹിറ്റ് ഗാനങ്ങളുണ്ട്. ബാല്യകാലസഖിയായ ജ്യോതിയെയാണ് കെകെ വിവാഹം ചെയ്തിരിക്കുന്നത്. നകുല്‍ കൃഷ്ണ കുന്നത്ത്, താമര കുന്നത്ത് എന്നിവരാണ് മക്കള്‍. നകുലിന്റെ ആല്‍ബമായ ഹംസഫറിലും കെകെ പാടിയിട്ടുണ്ട്. മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി അടക്കമുള്ളവര്‍ അനുശോചനമറിയിച്ചു.

Exit mobile version