ആസാമിലെ ന്യൂനപക്ഷ വോട്ടുകൾ ലക്ഷ്യമിട്ട് ഇറക്കിയ എട്ട് മുസ്ലിം സ്ഥാനാർത്ഥികളും സംപൂജ്യർ; ന്യൂനപക്ഷ മോർച്ച പിരിച്ചുവിട്ട് ബിജെപി

ഗുവാഹത്തി: ആസാമിലെ ന്യൂനപക്ഷ മേഖലയിലെ വോട്ടുകൾ ലക്ഷ്യമിട്ട് ബിജെപി രംഗത്തിറക്കിയ എട്ട് മുസ്ലിം സ്ഥാനാർത്ഥികൾക്കും കനത്ത പരാജയം. മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ കൂടി ആധിപത്യം സ്ഥാപിക്കാനായാണ് ബിജെപി ന്യൂനപക്ഷ മോർച്ചയുടെ പേരിൽ സ്ഥാനാർത്ഥികളെ രംഗത്തിറക്കിയത്. എന്നാൽ എട്ട് മുസ്ലിം സ്ഥാനാർത്ഥികളും കനത്തപരാജയം നേരിട്ടതോടെ എല്ലാ ന്യൂനപക്ഷ മോർച്ച യൂണിറ്റുകളും ബിജെപി പിരിച്ചുവിട്ടു.

തെരഞ്ഞെടുപ്പിൽ ബിജെപി നേതൃത്വം നൽകിയ എൻഡിഎ സഖ്യം 75 സീറ്റുകളുമായി അധികാരം നിലനിർത്തിയിട്ടുണ്ട്. കോൺഗ്രസ് നേതൃത്വം നൽകിയ മഹാസഖ്യം 50 ഇടത്തും ജയിച്ചു. ജയിലിലടച്ച സന്നദ്ധ പ്രവർത്തകൻ അഖിൽ ഗൊഗോയ് ഒരു ദിവസം പോലും പ്രചരണത്തിനെത്താനാകാതിരുന്നിട്ടും മികച്ച ഭൂരിപക്ഷത്തിന് ജയിച്ചു. എന്നാൽ, കോൺഗ്രസ് സഖ്യത്തിന് ഇത്തവണ 31 പേർ മുസ്ലിംകളാണ്.

126 അംഗ സഭയിൽ ഇത്തവണയും അധികാരം നിലനിർത്താനായെങ്കിലും മുസ്ലിം പ്രാതിനിധ്യം ഉറപ്പാക്കാനാകാതെ പരാജയപ്പെടുകയായിരുന്നു. പല ബൂത്തുകളിലും ഈ സ്ഥാനാർഥികൾക്ക് 20 വോട്ടുപോലും ലഭിച്ചിട്ടില്ല. ഇതോടെയാണ് ന്യൂനപക്ഷ മോർച്ച സംസ്ഥാന, ജില്ലാ, മണ്ഡല തലമിതികൾ പിരിച്ചുവിടുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രഞ്ജിത് ദാസ് അറിയിച്ചത്.

അതേസമയം, ന്യൂനപക്ഷ മോർച്ച പിരിച്ചുവിട്ടതിന് യഥാർത്ഥ കാരണം അറിവായിട്ടില്ലെന്ന് മോർച്ച അധ്യക്ഷൻ മുഖ്താർ ഹുസൈൻ ഖാൻ പറഞ്ഞു. ബംഗാളി വംശജരായ മുസ്ലിംകൾ ഭൂരിപക്ഷമുള്ള പടിഞ്ഞാറൻ ആസാമിൽ പലയിടത്തും വോട്ടുശതമാനം രണ്ടക്കം കടത്താൻ പോലും ബിജെപി സ്ഥാനാർത്ഥികൾക്ക് കഴിഞ്ഞില്ല.

Exit mobile version