ഗുജറാത്തിലെ ആശുപത്രിയില്‍ തീപിടുത്തം; 18 കൊവിഡ് രോഗികള്‍ വെന്തുമരിച്ചു, മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യത

അഹമ്മദാബാദ്: ഗുജറാത്തിലെ ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ 18 കൊവിഡ് രോഗികള്‍ വെന്തുമരിച്ചു. ഇന്ന് പുലര്‍ച്ചെ ഭറൂച്ചിലുള്ള ആശുപത്രിയിലാണ് അപകടം നടന്നത്.

കൊവിഡ് വാര്‍ഡില്‍ ചികിത്സയിലായിരുന്ന രോഗികളാണ് പൊള്ളലേറ്റും പുകശ്വസിച്ചും മരിച്ചത്. അപകടം നടക്കുമ്പോള്‍ 50-ഓളം രോഗികളാണ് ഇവിടെ ഉണ്ടായിരുന്നത്. അതേസമയം മരണസംഖ്യ ഇനിയും കൂടിയേക്കാമെന്ന് ഭറൂച്ച് പോലീസ് സൂപ്രണ്ട് രാജേന്ദ്രസിങ് ചുദാസാമ പറഞ്ഞു.

ഭറൂച്ച്-ജംബുസാര്‍ ദേശീയ പാതയിലാണ് നാലു നിലകളിലായുള്ള കൊവിഡ് ആശുപത്രി സ്ഥിതി ചെയ്യുന്നത്. പുലര്‍ച്ച ഒരു മണിയോടെ താഴത്തെ നിലയിലെ കൊവിഡ് വാര്‍ഡിലാണ് തീപ്പിടിത്തമുണ്ടായത്.
നാട്ടുകാരും അഗ്‌നിശമന സേനാംഗങ്ങളും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

ഒരു മണിക്കൂറിനുള്ളില്‍ തീ നിയന്ത്രണ വിധേയമാക്കാനായെങ്കിലും 18 ഓളം പേര്‍ അപ്പോഴേക്കും മരിച്ചിരുന്നു. രക്ഷപ്പെടുത്തിയ 50 ഓളം രോഗികളെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി.

Exit mobile version