മൂക്കില്‍ രണ്ട് തുള്ളി നാരങ്ങാ നീര് ഒഴിച്ചാല്‍ കൊവിഡ് മാറുമെന്ന് ബിജെപി നേതാവിന്റെ വാദം; പരീക്ഷിച്ച് അധ്യാപകനും, നഷ്ടപ്പെട്ടത് ജീവന്‍

Raichar teacher | Bignewslive

ബംഗളൂരു: നാരങ്ങാ നീര് മൂക്കില്‍ ഒഴിച്ചാല്‍ കൊവിഡിനെ പ്രതിരോധിക്കാമെന്ന ബിജെപി മുന്‍ എംപിയുടെ വാക്കുകളില്‍ വിശ്വസിച്ച് പരീക്ഷണം നടത്തിയ സ്‌കൂള്‍ അധ്യാപകന് ദാരുണാന്ത്യം. ബിജെപി നേതാവും മുന്‍ എംപിയുമായ വിജയ് സാങ്കേശ്വരാണ് മൂക്കില്‍ നാരങ്ങാ നീര് ഒഴിച്ചാല്‍ കൊവിഡിനെ പ്രതിരോധിക്കാമെന്ന് വീഡിയോയിലൂടെ പങ്കുവെച്ചത്.

‘മൂക്കില്‍ രണ്ട് തുള്ളി നാരങ്ങ നീര് ഇറ്റിച്ചാല്‍ ശരീരത്തില്‍ ഓക്‌സിജന്റെ അളവ് വര്‍ധിപ്പിക്കുകയും കോവിഡ് -19 അണുബാധ തടയുകയും ചെയ്യുമെന്ന് സാങ്കേശ്വര്‍ ചാനലിലൂടെ അവകാശപ്പെട്ടു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ തരംഗം സൃഷ്ടിക്കുകയും ചെയ്തു. ഇതോടെയാണ് സിന്ധനൂര്‍ താലൂക്കില്‍ സര്‍ക്കാര്‍ സ്‌കൂള്‍ അദ്ധ്യാപകനായ ബസവരാജ് മാലിപട്ടില്‍ പരീക്ഷണം നടത്തിയത്.

അടുത്തുള്ള കടയില്‍ നിന്ന് നാരങ്ങ വാങ്ങുകയും ഓരോ മൂക്കിലും ഏതാനുതുള്ളികള്‍ മാലിപട്ടില്‍ ഒഴിക്കുകയും ചെയ്തതായി പോലീസ് വൃത്തങ്ങള്‍ പറയുന്നു. നാരങ്ങ നീരിന്റെ പ്രയോഗം അദ്ദേഹത്തില്‍ ശ്വാസതടസം ഉണ്ടാക്കിയിരിക്കാമെന്നുമാണ് നിഗമനം. മൂക്കിനുള്ളില്‍ നാരങ്ങ നീര് ഒഴിച്ച ശേഷം ബസവരാജ് രാവിലെ രണ്ടുതവണ ഛര്‍ദ്ദിച്ചു. തുടര്‍ന്ന് കുടുംബം അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നുവെന്നും മൂത്ത സഹോദരന്‍ വിരുപക്ഷഗ പറയുന്നു.

വിജയ് സാങ്കേശ്വര്‍ ചാനലില്‍ നാരങ്ങാ നീര് കോവിഡ് പ്രതിരോധിക്കുമെന്ന അവകാശവാദം ഉന്നയിക്കുന്നത് താന്‍ കണ്ടിട്ടുണ്ടെന്നും ഇപ്പോള്‍ അതുപരീക്ഷിച്ച് ഒരു അധ്യാപകന്‍ മരിച്ചതിന്റെ ഉത്തരവാദി ആരാണെന്നാണ് സമൂഹം ചോദിക്കുന്നതെന്നും റൈച്ചൂര്‍ താലൂക്ക് പ്രൈമറി സ്‌കൂള്‍ ടീച്ചേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് നന്ദിഷ് പറയുന്നു.

എന്നാല്‍ അധ്യാപകന്റെ മരണ കാരണം താന്‍ നിര്‍ദേശിച്ച നാരങ്ങ തെറാപ്പി മൂലമല്ലെന്നും രക്തസമ്മര്‍ദ്ദം മൂലമാണെന്നുമാണ് സാങ്കേശ്വറും അവകാശപ്പെടുന്നു. അതേസമയം, നാരങ്ങാ നീര് കോവിഡിനെ പ്രതിരോധിക്കുമെന്ന അവകാശവാദം തെറ്റാണെന്ന് ലോകാരോഗ്യ സംഘടന വെളിപ്പെടുത്തി രംഗത്തെത്തി. അത്തരം വ്യാജ ചികിത്സരീതികള്‍ ജീവന്‍ അപകടത്തിലാക്കുമെന്നും അവര്‍ വ്യക്തമാക്കി.

Exit mobile version