ഓക്‌സിജൻ കിട്ടാതെ കോവിഡ് ബാധിതനായ സുഹൃത്ത് ഡൽഹിയിൽ ദയനീയാവസ്ഥയിൽ; 1400 കിലോമീറ്റർ സഞ്ചരിച്ച് ഓക്‌സിജൻ സിലിൻഡർ എത്തിച്ച് യുവാവ്; നന്മ

devendra_

ബൊക്കാറോ: കോവിഡ് ബാധിച്ച് സുഹൃത്ത് സഹായം കാത്തിരിക്കുമ്പോൾ എത്ര അകലെയാണെങ്കിലും കൈത്താങ്ങായി എത്താതിരിക്കുന്നതെങ്ങനെയെന്ന് ദേവേന്ദ്ര സന്തോഷത്തോടെ ചോദിക്കുന്നു. തന്റെ സുഹൃത്തിന് വേണ്ടി 1400 കിലോമീറ്റർ ദൂരം സഞ്ചരിച്ച് ഓക്‌സിജൻ സിലിൻഡർ എത്തിച്ചാണ് ജാർഖണ്ഡ് സ്വദേശിയും അധ്യാപകനുമായ 38കാരൻ ദേവേന്ദ്ര സൗഹൃദമെന്ന പദത്തിനെ വിശുദ്ധമാക്കിയത്.

ജാർഖണ്ഡിലെ ബൊക്കാറോയിൽ നിന്ന് മൂന്ന് സംസ്ഥാനങ്ങൾ പിന്നിട്ട് ഇരുപത്തിനാല് മണിക്കൂറുകൊണ്ടാണ് നോയിഡയിലുള്ള സുഹൃത്തിനരികിലേക്ക് ഓക്‌സിജൻ സിലിൻഡർ എത്തിച്ചത്. മഹാമാരിയുടേയും ദൂരത്തിന്റേയും പേരിൽ വേണമെങ്കിൽ ദേവേന്ദ്രയ്ക്ക് സഹായം എത്തിക്കാതിരിക്കാമായിരുന്നു. എന്നാൽ സാഹസികയാത്ര ചെയ്ത് സിലിൻഡർ എത്തിച്ചത് അദ്ദേഹത്തിന്റെ മനസിലെ നന്മയുടെ ആഴം കാണിക്കുന്നു.

ഡൽഹിയിൽ ഐടി പ്രൊഫഷണലായ സുഹൃത്ത് രഞ്ജൻ അഗർവാളിന് വേണ്ടിയാണ് ദേവേന്ദ്ര സ്വന്തം നാട്ടിൽ നിന്നും ജീവവായുവുമായി പുറപ്പെട്ടത്. രഞ്ജന്റെ രക്ഷിതാക്കളാണ് മകന് ഓക്‌സിജൻ ലഭ്യമാകുന്നില്ലെന്ന് ദേവേന്ദ്രയെ അറിയിച്ചത്. മാതാപിതാക്കൾ നിരവധിയിടങ്ങളിൽ ഓക്‌സിജന് വേണ്ടി ശ്രമിച്ചിട്ടും ഫലം കാണാതെ വന്നതോടെയായിരുന്നു ഇത്.

ഞായറാഴ്ച ഉച്ചയോടെ വിവരമറിഞ്ഞ ദേവേന്ദ്ര ജാർഖണ്ഡിലെ ബോക്കാറോയിൽ നിന്ന് ഓക്‌സിജൻ സിലിൻഡർ സംഘടിപ്പിക്കുകയായിരുന്നു. സ്റ്റീൽ നഗരമായ ബൊക്കാറോയിൽ നിന്നും ഓക്‌സിജൻ ലഭിക്കുക പ്രയാസമായിരുന്നു. വിവിധ ഓക്‌സിജൻ പ്ലാന്റുകളിൽ അന്വേഷിച്ചെങ്കിലും ഫലം കണ്ടില്ല. ഒഴിഞ്ഞ സിലിണ്ടർ എത്തിച്ച് നൽകുകയാണെങ്കിൽ വീണ്ടും നിറച്ച് നൽകാമെന്നായിരുന്നു മിക്കയിടത്ത് നിന്ന് ലഭിച്ച മറുപടി. ഒടുവിൽ ബലിദിഹ് വ്യവസായ മേഖലയിലുള്ള ജാർഖണ്ഡ് സ്റ്റീൽ ഓക്‌സിജൻ പ്ലാന്റാണ് പണം കെട്ടി വച്ചാൽ സിലിണ്ടർ നൽകാമെന്ന് സമ്മതിച്ചത്. ഇതോടെ ഓക്‌സിജന് 400 രൂപ അടക്കം 10000 രൂപ കെട്ടി വച്ച് ദേവേന്ദ്ര സമയം ഒട്ടും പാഴാക്കാതെ ഓക്‌സിജൻ സിലിണ്ടർ വാങ്ങുകയായിരുന്നു.

നോയിഡയിലേക്കുള്ള യാത്രയിൽ ബിഹാറിലും യുപിയിലും പോലീസ് തടഞ്ഞെങ്കിലും ആവശ്യം അറിയിച്ചതോടെ പോകാൻ അനുമതി നൽകുകയായിരുന്നുവെന്നാണ് ദേവേന്ദ്ര ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. ഇനി സുഹൃത്ത് ആരോഗ്യത്തോടെ തിരിച്ചെത്തിയിട്ട് വേണം നാട്ടിലേക്ക് മടങ്ങാനെന്നും ഇദ്ദേഹം പറയുന്നു.

Exit mobile version