ശക്തമായ കൊവിഡ് പ്രതിരോധം ആവശ്യം; വീടിനകത്തും മാസ്‌ക് ധരിക്കണം, വീടുകളിലേയ്ക്ക് അതിഥികളെ ക്ഷണിക്കരുത്; കേന്ദ്രം

Time to wear mask | Bignewslive

ന്യൂഡല്‍ഹി: കൊവിഡ് 19ന്റെ രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തില്‍, ശക്തമായ കോവിഡ് പ്രതിരോധത്തിന് വീടിനകത്തും മാസ്‌ക് ധരിക്കേണ്ട സമയമാണെന്ന് വ്യക്തമാക്കി കേന്ദ്രം. ദിനംപ്രതി ലക്ഷക്കണക്കിന് കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ പുതിയ നിര്‍ദേശം. അതേസമയം, രോഗത്തെക്കുറിച്ചുള്ള അനാവശ്യ ഭയം ഒഴിവാക്കണമെന്നും കേന്ദ്ര ആരോഗ്യവകുപ്പ് ജോയന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍, നീതി ആയോഗ് അംഗം ഡോ. വി.കെ. പോള്‍, ഡല്‍ഹി എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ എന്നിവര്‍ സംയുക്ത പത്രസമ്മേളനത്തിലൂടെ അറിയിച്ചു.

ഡോ. വികെ പോളിന്റെ നിര്‍ദേശം;

‘കുടുംബത്തില്‍ കോവിഡ് ബാധിതരുണ്ടെങ്കില്‍ അവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. രോഗികളില്ലെങ്കിലും എല്ലാവരും വീടിനുള്ളിലും മാസ്‌ക് ധരിക്കാന്‍ തുടങ്ങേണ്ട സമയമാണിത്. വീട്ടിനുള്ളിലേക്ക് അതിഥികളെ ക്ഷണിക്കരുത്”

വല് അഗര്‍വാളിന്റെ നിര്‍ദേശം;

ശാസ്ത്രീയ പഠനപ്രകാരം ശാരീരികാകലം പാലിക്കാത്ത ഒരാള്‍ 30 ദിവസത്തിനുള്ളില്‍ 406 പേര്‍ക്ക് രോഗം പരത്താന്‍ സാധ്യതയുണ്ട്. ശാരീരിക സാന്നിധ്യം പകുതിയായി കുറച്ചാല്‍ ഇത് 15 ആയി കുറയ്ക്കാനാവും. 75 ശതമാനം കുറയ്ക്കാന്‍ കഴിഞ്ഞാല്‍ ഇതേ കാലയളവില്‍ ഒരു വ്യക്തിക്ക് 2.5 ആളുകളിലേക്ക് മാത്രമേ രോഗം പടര്‍ത്താന്‍ കഴിയൂ.

ഡോ. രണ്‍ദീപ് ഗുലേരിയുടെ വാക്കുകള്‍;

രോഗലക്ഷണം കാണുന്ന ഉടന്‍തന്നെ രോഗിയെ ഐസൊലേഷനിലാക്കണം. പരിശോധനാ റിപ്പോര്‍ട്ട് ലഭിക്കാന്‍ കാത്തിരിക്കരുത്. ആര്‍.ടി.പി.സി.ആര്‍. ടെസ്റ്റില്‍ നെഗറ്റീവ് രേഖപ്പെടുത്തിയാലും ലക്ഷണങ്ങളുണ്ടെങ്കില്‍ കോവിഡ് ബാധയുണ്ടെന്ന് കരുതി നടപടികള്‍ സ്വീകരിക്കണം. വാക്‌സിനേഷന്‍ യുക്തമായ സമയത്ത് സ്വീകരിക്കണം. സ്ത്രീകള്‍ക്ക് ആര്‍ത്തവ സമയത്തും സ്വീകരിക്കാം. കോവിഡ് രണ്ടാം വ്യാപനത്തിനെതിരേയുള്ള പോരാട്ടത്തില്‍ മെഡിക്കല്‍ ഓക്‌സിജന്റെയും റെംഡെസിവിര്‍ ഉള്‍പ്പടെയുള്ള മരുന്നുകളുടെയും യുക്തമായ ഉപയോഗമാണ് പ്രധാനം. ഗുരുതര രോഗികള്‍ക്ക് റെംഡിസിവിര്‍ പര്യാപ്തമാണെന്ന് തെളിയിക്കപ്പെട്ടിട്ടില്ലെന്നും അതിനാല്‍ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം മറ്റ് മരുന്നുകളും ഉപയോഗിക്കണം.

Exit mobile version