കോവിഡ് പോരാട്ടം: പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകളുടെ ശരീരത്തിൽ ആന്റിബോഡികൾ ഉത്പാദിപ്പിക്കപ്പെടുന്നെന്ന് സെറോ സർവേ

covid

മുംബൈ: കോവിഡിനെ എതിരെ കൂടുതൽ ആന്റിബോഡികൾ ഉത്പാദിപ്പിക്കപ്പെടുന്നത് സ്ത്രീകളുടെ ശരീരത്തിലെന്ന് സർവെ ഫലം. പുരുഷന്മാരെ അപേക്ഷിച്ച് കൂടുതൽ ആന്റിബോഡികൾ സ്ത്രീകളിലാണ് ഉത്പാദിപ്പിക്കപ്പെടുന്നതെന്നാണ് സർവേ റിപ്പോർട്ട്. ബ്രിഹാൻ മുംബൈ മുൻസിപൽ കോർപറേഷൻ നടത്തിയ സെറോ സർവേയിലാണ് കണ്ടെത്തൽ.

ശനിയാഴ്ചയാണ് കോർപറേഷൻ നടത്തിയ സർവേ ഫലം പുറത്ത് വരുന്നത്. ആന്റിബോഡിക്കായി നടത്തിയ സെറം പരിശോധനയിൽ സെറോ പോസിറ്റീവ് (ആന്റിബോഡി കൂടുതൽ ഉള്ളത്) ആകുന്ന നിരക്ക് പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകളിലാണ് എന്നാണ് കാണിക്കുന്നത്. സ്ത്രീകളിൽ ഇത് 37.12 ശതമാനമാണെങ്കിൽ പുരുഷന്മാരിൽ ഇത് 35.02 ശതമാനം മാത്രമാണ്.

ആന്റിബോഡി കണ്ടെത്തുന്നതിനായി ഒരുകൂട്ടം ആളുകളുടെ രക്ത സാമ്പിളുകൾ എടുത്ത് പരിശോധിക്കുന്ന രീതിയാണ് സെറോ സർവേ. മുംബൈയിലെ 24 വാർഡുകളിൽ നിന്നുമായി 10,197 രക്ത സാമ്പിളുകളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. കസ്തൂർബ ആശുപത്രിയുടെ മോളികുലാർ ബയോളജി ലബോറട്ടറിയാണ് സാമ്പിൾ പരിശോധന നടത്തിയത്.

ചേരികളിൽ കോവിഡ് പോസിറ്റിവിറ്റി നിരക്ക് കുറയുമ്പോൾ മറ്റു മേഖലകളിൽ കോവിഡ് പോസിറ്റീവ് ആകുന്നത് വർധിക്കുകയാണെന്നും സർവേയുടെ കണ്ടെത്തലിലുണ്ട്.

Exit mobile version