പിറന്നാള്‍ദിന സമ്മാനം: കോവിഡ് രോഗികള്‍ക്കായി പ്ലാസ്മ ദാനം ചെയ്യുമെന്ന് സച്ചിന്‍ തെന്‍ഡുല്‍ക്കര്‍

മുംബൈ: പിറന്നാള്‍ സമ്മാനമായി കോവിഡ് രോഗികള്‍ക്ക്
പ്ലാസ്മ ദാനം ചെയ്യുമെന്ന് സച്ചിന്‍ തെന്‍ഡുല്‍ക്കര്‍. പിറന്നാള്‍ ദിനത്തില്‍ ആരാധകരുടെ ആശംസകള്‍ക്ക് നന്ദിയറിയിച്ചുകൊണ്ട് പുറത്തുവിട്ട വീഡിയോ സന്ദേശമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

കോവിഡ് ഭേദമായി, മുംബൈയിലെ വീട്ടില്‍ ഐസൊലേഷനില്‍ കഴിയുകയാണ് ക്രിക്കറ്റ് ദൈവം. ആഘോഷങ്ങളൊന്നുമില്ലാത്ത 48ാം പിറന്നാളിന് ആരാധകര്‍ സമൂഹ മാധ്യമങ്ങളില്‍ സന്ദേശങ്ങള്‍ പങ്കുവെച്ച് സന്തോഷം പ്രകടിപ്പിച്ചു.

ഇതിനിടെ, കോവിഡ് രോഗികള്‍ക്ക് പ്ലാസ്മ നല്‍കുമെന്ന് അറിയിച്ച് താരം ആരാധകര്‍ക്ക് മുന്നിലെത്തി. ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയിലായിരുന്നു ഡോക്ടര്‍മാര്‍ അനുവദിക്കുന്ന സമയത്ത് പ്ലാസ്മ നല്‍കാനുള്ള തന്റെ തീരുമാനം അറിയിച്ചത്. കോവിഡ് ഭേദമായവരോട് പ്ലാസ്മ ദാനം ചെയ്ത് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവണമെന്നും മാസ്റ്റര്‍ ബ്ലാസ്റ്റര്‍ അഭ്യര്‍ഥിച്ചു.

കോവിഡ് പൂര്‍ണമായും ഭേദമായി, അവസാന 14 ദിവസം ഒരു രോഗലക്ഷണവും പ്രകടിപ്പിക്കാതിരുന്നാലേ പ്ലാസ്മ ദാനം ചെയ്യാന്‍ പറ്റൂ. കഴിഞ്ഞ മാര്‍ച്ച് 27നായിരുന്നു സച്ചിന്‍ കോവിഡ് പോസിറ്റീവായത്. തുടര്‍ന്ന് ഏതാനും ദിവസം ആശുപത്രിയില്‍ കഴിഞ്ഞ താരം ഏപ്രില്‍ എട്ടിന് വീട്ടില്‍ മടങ്ങിയെത്തി സ്വയം നിരീക്ഷണത്തിലായിരുന്നു.

‘ജന്മദിന ആശംസകള്‍ക്ക് വളരെ നന്ദി, നിങ്ങളുടെ ആശംസകള്‍ ഈ ദിവസം എന്റേതാക്കി മാറ്റി. കഴിഞ്ഞ മാസം എനിക്ക് വളരെ വിഷമം പിടിച്ച ഒന്നായിരുന്നു. കോവിഡ് പോസിറ്റീവായത് മൂലം 21 ദിവസം ഐസൊലേഷനിലായിരുന്നു. നിങ്ങളുടെ പ്രാര്‍ത്ഥനകളും ആശംസകളും ഒപ്പം ആശുപത്രിയിലെ ഡോക്ടര്‍മാരും മെഡിക്കല്‍ സംഘവും അവരെല്ലാം രോഗമുക്തി നേടാന്‍ എന്നെ സഹായിച്ചു. എല്ലാവര്‍ക്കും വലിയ നന്ദി’, സച്ചിന്‍ പറഞ്ഞു.

ഒപ്പം ഒരു സന്ദേശം കൂടി സച്ചിന്‍ കൂട്ടിച്ചേര്‍ത്തു, ‘എന്റെ ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ട ഒരു കാര്യം നിങ്ങളോട് പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുന്നു, കഴിഞ്ഞവര്‍ഷം ഞാന്‍ പ്ലാസ്മദാന കേന്ദ്രം ഉദ്ഘാടനം ചെയ്തിരുന്നു. കൃത്യസമയത്ത് പ്ലാസ്മ നല്‍കാനായാല്‍ നിരവധി രോഗികളെ രക്ഷിക്കാന്‍ കഴിയും.’ അദ്ദേഹം പറഞ്ഞു.

‘അനുവദനീയമാകുമ്പോഴെല്ലാം ഞാന്‍ പ്ലാസ്മ ദാനം ചെയ്യും. കോവിഡില്‍ നിന്ന് മുക്തി നേടിയ എല്ലാവരും ഡോക്ടര്‍മാരുമായി സംസാരിക്കുക, അനുവദനീയമായ സന്ദര്‍ഭത്തില്‍ പ്ലാസ്മ ദാനം ചെയ്യുക, ഇതിലൂടെ നമുക്ക് ഏറെപ്പേരെ സഹായിക്കാന്‍ സാധിക്കും. അതുകൊണ്ട് കഴിയുന്നവരെല്ലാം പ്ലാസ്മ ദാനം ചെയ്യണമെന്ന് ഓരോ ഇന്ത്യക്കാരോടും അഭ്യര്‍ത്ഥിക്കുകയാണ്.. അദ്ദേഹം പറഞ്ഞു.

Exit mobile version