പ്രാണവായുവിന് അലഞ്ഞ് രാജ്യം; പഞ്ചാബിലും ഓക്‌സിജന്‍ കിട്ടാതെ കൊവിഡ് രോഗികളുടെ കൂട്ടമരണം, ആറ് പേര്‍ ശ്വാസം മുട്ടി മരിച്ചു

ചണ്ഡിഗഢ്: പ്രാണവായുവിന് അലഞ്ഞ് രാജ്യം. ഡല്‍ഹിക്കു പിന്നാലെ പഞ്ചാബിലും ഓക്‌സിജന്‍ കിട്ടാതെ കൊവിഡ് രോഗികളുടെ കൂട്ടമരണം. അമൃത്സറിലെ നീല്‍കാന്ത് ആശുപത്രിയില്‍ ആറു പേരാണ് പ്രാണവായുവില്ലാതെ പിടഞ്ഞുമരിച്ചത്. ഇന്നു രാവിലെയായിരുന്നു സംഭവം.

ഇന്നലെ രാത്രി മുതല്‍ ഓക്‌സിജന്‍ തീര്‍ന്നിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ആശുപത്രികള്‍ക്കു കൊടുത്ത ശേഷമേ സ്വകാര്യ ആശുപത്രികള്‍ക്കു നല്‍കൂ എന്നാണ് ജില്ലാ അധികൃതര്‍ അറിയിച്ചതെന്ന് ഡോക്ടര്‍മാര്‍ പറയുന്നത്. പകരം സംവിധാനത്തിനു ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും എന്നാല്‍ ലഭിച്ചില്ലെന്നുമാണ് അധികൃതര്‍ പറയുന്നത്.

രാജ്യത്ത് ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായി തുടരുകയാണ്. ഡല്‍ഹിയില്‍ ഇന്നലെ രാത്രി ഓക്‌സിജന്റെ കുറവു മൂലം ഇരുപതു രോഗികള്‍ മരിച്ചതായി ജയ്പുര്‍ ഗോള്‍ഡന്‍ ആശുപത്രി അധികൃതര്‍ അറിയിച്ചു.കഴിഞ്ഞ ദിവസം ഗംഗാറാം ആശുപത്രിയില്‍ ഇരുപത്തിയഞ്ചു പേരാണ് ഓക്‌സിജന്‍ കിട്ടാതെ പിടഞ്ഞുമരിച്ചത്.

Exit mobile version