ബംഗാളില്‍ ഭരണം പിടിച്ചാല്‍ വാക്സിന്‍ ഫ്രീ: അധികാരത്തിലെത്തിയാല്‍ എല്ലാവര്‍ക്കും കോവിഡ് വാക്സിന്‍ സൗജന്യമെന്ന് ബിജെപി

കൊല്‍ക്കത്ത: ബംഗാളില്‍ ഭരണത്തിലെത്തിയാല്‍ എല്ലാവര്‍ക്കും കോവിഡ് വാക്സിന്‍ സൗജന്യമായി നല്‍കുമെന്ന് വാഗ്ദാനം ചെയ്ത് ബിജെപി. സര്‍ക്കാര്‍ അധികാരത്തിലെത്തിയാലുടന്‍ വാക്സിന്‍ നല്‍കുമെന്നാണ് പാര്‍ട്ടി ട്വീറ്റ് ചെയ്തിരിക്കുന്നത്.

സംസ്ഥാനങ്ങള്‍ക്ക് സ്വന്തമായി വാക്സിന്‍ വാങ്ങാവുന്നതാണെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് എതിരായി വലിയ വിമര്‍ശനമാണ് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഉന്നയിച്ചത്. കേന്ദ്ര വാക്സിന്‍ നയം കമ്പോളത്തിന് അനുകൂലവും ജനതാല്‍പര്യങ്ങള്‍ക്ക് വിരുദ്ധവുമാണെന്നായിരുന്നു മമതയുടെ വിമര്‍ശനം. എല്ലാവര്‍ക്കും സൗജന്യമായി വാക്സിന്‍ നല്‍കണമെന്നും മമത ആവശ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് ബിജെപിയുടെ പ്രഖ്യാപനം.

പ്രതിസന്ധി ഘട്ടത്തില്‍ വാണിജ്യ താല്‍പര്യം വാക്സിന്‍ കമ്പനികള്‍ കാട്ടരുതെന്ന് മമത പ്രധാനമന്ത്രിക്ക് കത്തയച്ചപ്പോള്‍ ആവശ്യപ്പെട്ടിരുന്നു. മേയ് ഒന്നുമുതല്‍ 18 വയസിന് മുകളിലുളളവര്‍ക്ക് വാക്സിന്‍ നല്‍കാമെന്നും അതിന്റെ രജിസ്ട്രേഷന്‍ ഏപ്രില്‍ 28ന് ആരംഭിക്കുമെന്നും കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു.

വാക്സിന്‍ ഉല്‍പാദിപ്പിക്കുന്നവരില്‍ നിന്ന് സംസ്ഥാന സര്‍ക്കാരുകള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കും നേരിട്ട് വാക്സിന്‍ വാങ്ങാമെന്നതായിരുന്നു കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ വാക്സിന്‍ നയം.

Exit mobile version