ഓക്‌സിജൻ, വാക്‌സിനേഷൻ എന്നിവയിലെ ദേശീയ നയം എന്താണ്? കോവിഡ് രൂക്ഷമാകുന്നതിനിടെ കേന്ദ്രത്തിന് നോട്ടീസ് അയച്ച് സുപ്രീംകോടതി

ന്യൂഡൽഹി: കോവിഡ് അതിതീവ്രമായി പടരുന്നതിനിടെ കേന്ദ്രസർക്കാരിന് നോട്ടീസ് അയച്ച് സുപ്രീംകോടതി. ഓക്‌സിജൻ, വാക്‌സിനേഷൻ എന്നിവയിലെ ദേശീയ നയം തങ്ങൾക്ക് അറിയണമെന്ന് കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

ഓക്‌സിജൻ വിതരണം, അവശ്യ മരുന്നുകളുടെ വിതരണം, വാക്‌സിനേഷൻ രീതി എന്നിവയെക്കുറിച്ച് കോടതിയ്ക്ക് അറിയണമെന്നും ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ പറഞ്ഞു.

ആശുപത്രികളിലെ ഓക്‌സിജൻ, കിടക്കകൾ, ആന്റി വൈറൽ മരുന്നായ റെംഡെസിവിർ എന്നിവയുടെ പ്രതിസന്ധിയുമായി ബന്ധപ്പെട്ട ഹർജികൾ രാജ്യത്തെ ആറ് ഹൈക്കോടതികൾ പരിഗണിക്കുന്ന സാഹചര്യത്തിലാണ് സുപ്രീം കോടതി സ്വമേധയാ കേസെടുത്ത് കേന്ദ്രത്തിന്റെ നയം ആരാഞ്ഞത്.

അതേസമയം, ആശുപത്രികളിൽ ഓക്‌സിജൻ ക്ഷാമം രൂക്ഷമായതിന് പിന്നാലെ കേന്ദ്രത്തെ ശാസിച്ച് ഡൽഹി ഹൈക്കോടതിയും രംഗത്തെത്തിയിരുന്നു. ഓക്‌സിജൻ എത്തിക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും ചുറ്റും നടക്കുന്ന കാര്യങ്ങളെ എങ്ങനെയാണ് കേന്ദ്രത്തിന് ഇങ്ങനെ അവഗണിക്കാൻ സാധിക്കുന്നതെന്നും കോടതി വിമർശിച്ചിരുന്നു.

പൗരന്മാർക്ക് സർക്കാരിനെ തന്നെയല്ലേ ആശ്രയിക്കാൻ സാധിക്കൂ. ഇത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്. നിങ്ങൾ യാചിക്കുകയോ കടം വാങ്ങുകയോ മോഷ്ടിക്കുകയോ എന്ത് ചെയ്തിട്ടായാലും ജനങ്ങൾക്ക് ഓക്‌സിജൻ എത്തിക്കണമെന്ന് കോടതി പറഞ്ഞു.

Exit mobile version