24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധിച്ചത് മൂന്നുലക്ഷത്തിലേറെ ആളുകൾക്ക്; ലോകത്ത് തന്നെ ഇതാദ്യം; രാജ്യത്ത് ഗുരുതര സാഹചര്യം

covid19

ന്യൂഡൽഹി: രണ്ടാം കോവിഡ് തരംഗം രാജ്യത്തെ ആശങ്കയിലാക്കുന്നു. ലോകത്ത് തന്നെ ആദ്യമായി 24 മണിക്കൂറിനിടെ മൂന്നുലക്ഷത്തിലേറെ പേർക്ക് കോവിഡ് സ്ഥിരീകരിക്കുന്ന രാജ്യമായി ഇന്ത്യ. അതിതീവ്ര വ്യാപനം പിടിമുറുക്കുന്ന ഇന്ത്യയിൽ ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ചത് 3,15,925 പേർക്കാണ്. ജനുവരി എട്ടിന് അമേരിക്കയിൽ മൂന്നുലക്ഷത്തോളം കോവിഡ് രോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നുവെങ്കിലും ഇത്രയും എത്തിയിരുന്നില്ല.

ഇതിനിടെ, ഇന്ത്യയിൽ മരണസംഖ്യ 2,000 കടന്നു 2,102 പേരാണ് ബുധനാഴ്ച മരണത്തിന് കീഴടങ്ങിയത്. ഈ മാസാദ്യം അരലക്ഷത്തിനു മുകളിലായിരുന്ന രോഗികളുടെ എണ്ണം 20 ദിവസമെടുത്താണ് മൂന്നു ലക്ഷം തൊട്ടത്. ഒരു ലക്ഷത്തിൽനിന്ന് മൂന്നിരട്ടിയാകാൻ എടുത്തത് 17 ദിവസവും. യുഎസിൽ ഒരു ലക്ഷത്തിൽനിന്ന് മൂന്നുലക്ഷമാകാൻ മൂന്നു മാസമെടുത്തിരുന്നു.

രാജ്യത്ത് തന്നെ മഹാരാഷ്ട്രയാണ് കണക്കുകളിൽ ഇപ്പോഴും ബഹുദൂരം മുന്നിൽ 24 മണിക്കൂറിനിടെ 67,468 പുതിയ രോഗികളാണ് മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഉത്തർപ്രദേശ് (33,214), ഡൽഹി (24,638), കർണാടക (23,558), കേരളം (22,414) എന്നിവയാണ് തൊട്ടുപിറകിൽ. രാജസ്ഥാൻ, മധ്യപ്രദേശ്, ഗുജറാത്ത്, ആന്ധ്രപ്രദേശ്, ബിഹാർ, തമിഴ്‌നാട്, ബംഗാൾ, ഹരിയാന, ഝാർഖണ്ഡ്, ഒഡിഷ, തെലങ്കാന, ജമ്മു കശ്മീർ, ഗോവ എന്നിവിടങ്ങളിലും തീവ്രവ്യാപനമുണ്ട്.

മരണസംഖ്യയിലും മഹാരാഷ്ട്ര മുന്നിലാണ്. 24 മണിക്കൂറിനിടെ 568 മരണം. ഇത്രയേറെ പേർ ഒരു ദിവസം സംസ്ഥാനത്ത് മരണത്തിന് കീഴടങ്ങുന്നതും ആദ്യം. ഡൽഹിയിൽ 249 പേരും ഛത്തീസ്ഗഢിൽ 193 പേരും മരിച്ചപ്പോൾ ഗുജറാത്ത് (125), കർണാടക (116) എന്നിവയിലും 100 കടന്നു. മധ്യപ്രദേശിൽ 75 പേരാണ് 24 മണിക്കൂറിനിടെ മരണത്തിന് കീഴടങ്ങിയത്.

Exit mobile version