സംസ്ഥാനത്തെ 18നും 45നും ഇടയിലുളള എല്ലാവര്‍ക്കും കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കും; അസം ആരോഗ്യമന്ത്രി

ഗുവഹാത്തി: സംസ്ഥാനത്തെ 18നും 45നും ഇടയിലുളള എല്ലാവര്‍ക്കും കൊവിഡ് വാക്‌സിന്‍ സൗജന്യമായി വിതരണം ചെയ്യുമെന്ന് അസം ആരോഗ്യമന്ത്രി ഹിമന്ത ബിശ്വാസ് ശര്‍മ്മ. കൊവിഡ് പ്രവര്‍ത്തനത്തിനായി കഴിഞ്ഞ വര്‍ഷം ലഭിച്ച സംഭാവനകള്‍ ഇതിനായി വിനിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. അതേസമയം ഒരു കോടി വാക്‌സിന്‍ ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ വാക്‌സിന്‍ നിര്‍മ്മാതാക്കളായ ഭാരത് ഭയോടെക്കിന് കത്തയച്ചതായും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ 45നുമുകളിലുള്ളവര്‍ക്ക് സംസ്ഥാനം സൗജന്യമായി വാക്‌സിന്‍ നല്കുന്നുണ്ട്.

സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. ചൊവ്വാഴ്ച 1,651 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ കോവിഡ് ബാധിതരുടെ എണ്ണം 2,27,473 ആയി.ഉത്തര്‍പ്രദേശിലും 18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് വാക്‌സിന്‍ വിതരണം സൗജന്യമാക്കാന്‍ മുഖ്യമന്ത്രി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു.

മേയ് ഒന്ന് മുതല്‍ രാജ്യത്തെ 18 വയസിന് മേല്‍ പ്രായമുള്ള എല്ലാവര്‍ക്കും കൊവിഡ്-19 വാക്‌സിന്‍ നല്‍കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന് പിന്നാലെയാണ് സംസ്ഥാനങ്ങള്‍ വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് പ്രഖ്യാപിച്ചത്.

Exit mobile version