കാര്‍ഷിക വായ്പകള്‍ എഴുതി തള്ളരുത്; തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെ തള്ളി രഘുറാം രാജന്‍; തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത്

വായ്പ നല്‍കുന്നതിന്റെ ലക്ഷ്യത്തെ തന്നെ തകര്‍ക്കുന്നതാണ് എഴുതിത്തള്ളല്‍ എന്ന് റിസര്‍വ് ബാങ്ക് ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്

ന്യൂഡല്‍ഹി: രാജ്യത്തെ കര്‍ഷകര്‍ക്ക് തെരഞ്ഞെടുപ്പിന് മുന്നോടിയായി കാര്‍ഷികവായ്പകള്‍ എഴുതിത്തള്ളുമെന്നു വാഗ്ദാനം നല്‍കുന്നതിനെതിരെ മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍. ഇതൊഴിവാക്കണമെന്ന് അഭ്യര്‍ത്ഥിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് അദ്ദേഹം കത്തയച്ചു. കടം എഴുതിത്തള്ളുന്ന സംസ്ഥാനങ്ങളുടെ സാമ്പത്തികസ്ഥിതി കൂടുതല്‍ അപകടത്തിലാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കാര്‍ഷിക പ്രതിസന്ധിക്കുള്ള കാരണം ഉറപ്പായും ചര്‍ച്ച ചെയ്യേണ്ടതാണ്. എന്നാല്‍ കടം എഴുതിത്തള്ളലാണോ അതിനുള്ള പരിഹാരമെന്നു ആലോചിക്കേണ്ടതാണ്. വായ്പയെടുക്കുന്ന കര്‍ഷകര്‍ ചെറിയൊരു വിഭാഗം മാത്രമാണ്. ഏറ്റവും ദരിദ്രര്‍ക്കല്ല, സ്വാധീനമുള്ളവര്‍ക്കാണ് ഇതു ലഭിക്കുക.

വായ്പ നല്‍കുന്നതിന്റെ ലക്ഷ്യത്തെ തന്നെ തകര്‍ക്കുന്നതാണ് എഴുതിത്തള്ളല്‍ എന്ന് റിസര്‍വ് ബാങ്ക് ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ സര്‍വകക്ഷി ധാരണ രാജ്യതാല്‍പര്യത്തിനു തന്നെ ആവശ്യമാണെന്നും ‘ഇന്ത്യയ്ക്കുള്ള സാമ്പത്തിക തന്ത്രം’ എന്ന റിപ്പോര്‍ട്ട് പ്രകാശനം ചെയ്ത് അദ്ദേഹം പറഞ്ഞു. രാജ്യത്തിനകത്തും പുറത്തും നിന്നുള്ള 13 സാമ്പത്തിക ശാസ്ത്രജ്ഞര്‍ തയാറാക്കിയ റിപ്പോര്‍ട്ടാണിത്.

Exit mobile version