48 തവണ ട്രാഫിക് നിയമലംഘനം; അമിത വേഗത്തിൽ കാറോടിച്ച് രണ്ടുപേരുടെ ജീവനും കവർന്നു; പണക്കാരനാണെന്ന് കരുതി ജാമ്യം നൽകാനാകില്ലെന്ന് പ്രതിയോട് സുപ്രീംകോടതി

supreme-court_

ന്യൂഡൽഹി: പണക്കാരനായതു കൊണ്ട് മാത്രം രണ്ടുപേരെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജാമ്യം നൽകാനാകില്ലെന്ന് സുപ്രീംകോടതി. 2019ൽ മകൻ ഓടിച്ച കാറിടിച്ച് രണ്ടുപേർ മരിച്ച സംഭവത്തിൽ ജാമ്യം അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് പിതാവും പ്രമുഖ റസ്റ്റോറന്റ് ഉടമയുമായ അക്തർ പർവേസ് നൽകിയ ജാമ്യാപേക്ഷയിലാണ് കോടതിയുടെ പരാമർശം. ഹർജി കോടതി തള്ളി. ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ, ഹേമന്ത് ഗുപ്ത എന്നിവരാണ് ജാമ്യാപേക്ഷ തള്ളിയത്.

2019 ആഗസ്റ്റ് 16ന് രാഗ്ഹിബ് ഓടിച്ചിരുന്ന ജാഗ്വർ എസ്‌യുവി ഇടിച്ച് രണ്ടു ബംഗ്ലാദേശ് സ്വദേശികളാണ് മരിച്ചത്. അപകടസമയത്ത് 130-135 കിലോമീറ്റർ വേഗതയിലായിരുന്നു വാഹനം. ‘മണിക്കൂറിൽ 130 കിലോമീറ്റർ വേഗതയിലാണ് വാഹനം ഓടിച്ചിരുന്നതെന്നത് ശരിയല്ലേ? അപകടത്തിന് ഏഴുമാസം മുമ്പുവരെ അപകടമുണ്ടാക്കിയ കാർ 48ഓളം തവണ ട്രാഫിക് നിയമലംഘനം നടത്തിയിട്ടില്ലേ ഇപ്പോൾ നിങ്ങൾക്ക് പണക്കാരനായതിനാൽ ജാമ്യം നൽകണമെന്നാണ് ആവശ്യം. പക്ഷേ ഞങ്ങളത് നൽകില്ല’-പ്രതിക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബലിനോട് ബെഞ്ച് പറഞ്ഞു.

രാഗ്ഹിബിന് മാനസിക അസ്വാസ്ഥ്യം ഉണ്ടെന്നും അതിനാൽ വിചാരണ നേരിടാൻ കഴിയില്ലെന്നും ഇയാളുടെ പിതാവ് കോടതിയിൽ അറിയിച്ചിരുന്നു. എന്നാൽ തുടർന്ന് കോടതി നടത്തിയ പരിശോധനയിൽ മാനസിക അസ്വാസ്ഥ്യം ഇല്ലെന്ന് തെളിഞ്ഞതോടെ വിചാരണ നേരിടാൻ കൽക്കട്ട ഹൈക്കോടതി ഏപ്രിൽ 13ന് ഉത്തരവിടുകയായിരുന്നു.

രാഗ്ഹിബിന്റെ ജാമ്യം റദ്ദാക്കിയ കോടതി ഏപ്രിൽ 20ന് ഹാജരാകാനും ഇല്ലെങ്കിൽ അറസ്റ്റ് ഉൾപ്പെടെ നടപടികൾ നേരിടേണ്ടിവരുമെന്നും ചൂണ്ടിക്കാട്ടി നോട്ടീസ് അയച്ചിരുന്നു.

ഇതിനിടെ പ്രതിയെ രക്ഷിക്കാനായി സംഭവ സമയത്ത് ഇയാൾ വിദേശത്തായിരുന്നുവെന്ന വാദവും പ്രതിഭാഗം ഉന്നയിച്ചിരുന്നു. എന്നാൽ പോലീസ് നടത്തിയ അന്വേഷണത്തിൽ രാഗ്ഹിബ് തന്നെയാണ് വാഹനം ഓടിച്ചിരുന്നതെന്ന് കണ്ടെത്തിയിരുന്നു.

Exit mobile version