കൊവിഡ് വ്യാപനം; ജെ.ഇ.ഇ. മെയിന്‍ പരീക്ഷ മാറ്റിവെച്ചു

ന്യൂഡല്‍ഹി: ഏപ്രിലില്‍ നടത്താനിരുന്ന ജെ.ഇ.ഇ. മെയിന്‍ പരീക്ഷ മാറ്റിവെച്ചു. ഏപ്രില്‍ 27,28,29,30 തീയതികളില്‍ നടത്താനിരുന്ന പരീക്ഷയാണ് മാറ്റിവെച്ചത്. പുതിയ തീയതികള് പിന്നീട് അറിയിക്കുമെന്നും പരീക്ഷയുടെ 15 ദിവസം മുമ്പെങ്കിലും തീയതി പ്രഖ്യാപിക്കുമെന്നും നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി അറിയിച്ചു. രാജ്യത്ത് കൊവിഡ് വ്യാപനം ഉയരുന്ന പശ്ചാത്തലത്തിലാണ് ജെ.ഇ.ഇ. മെയിന്‍ പരീക്ഷ മാറ്റിവെച്ചത്.

കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നതിനെ തുടര്‍ന്ന് പരീക്ഷ മാറ്റിവെക്കണമെന്ന് വിദ്യാര്‍ഥികളും മാതാപിതാക്കളും ഒരുപോലെ ആവശ്യപ്പെടുകയും ചെയ്തിരുന്നു. അതേസമയം രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം രണ്ടര ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,61,500 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 1,38,423 പേര്‍ക്കാണ് രോഗ മുക്തി. 1,501 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ബാധിച്ച് മരിച്ചതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

തുടര്‍ച്ചയായി നാലാം ദിവസമാണ് രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷം പിന്നിടുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,61,500 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ മൊത്തം രോഗികളുടെ എണ്ണം 1,47,88,209 ആയി.

ഇതില്‍ 1,28,09,643 പേര്‍ രോഗമുക്തി നേടി. ആകെ മരണം 1,77,150 ആയി. നിലവില്‍ 18,01,316 പേരാണ് ചികിത്സയിലുള്ളത്. 12,26,22,590 പേര്‍ക്കാണ് ഇതുവരെയായി പ്രതിരോധ കുത്തിവെയ്പ്പ് നടത്തിയത്.

Exit mobile version