വിദ്യാര്‍ത്ഥികളുടെ ജീവന്‍ അപകടത്തിലാകും; നീറ്റ്, ജെഇഇ പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മമതാ ബാനര്‍ജി

കൊല്‍ക്കത്ത: രാജ്യത്ത് കൊവിഡ് 19 വൈറസ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ജെഇഇ പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. നിശ്ചയിച്ച പ്രകാരം പരീക്ഷകള്‍ നടത്തുകയാണെങ്കില്‍ അത് വിദ്യാര്‍ത്ഥികളുടെ ജീവന് തന്നെ ഭീഷണിയാണെന്നാണ് മമതാ ബാനര്‍ജി ട്വീറ്റ് ചെയ്തത്.

‘സെപ്റ്റംബറില്‍ നീറ്റ്, ജെഇഇ പരീക്ഷകള്‍ നടത്താനുള്ള വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിര്‍ദേശത്തിനെതിരെ ഇതിന്റെ അപകടസാധ്യത വീണ്ടും വിലയിരുത്താനും സാഹചര്യം വീണ്ടും അനുകൂലമാകുന്നതുവരെ ഈ പരീക്ഷകള്‍ മാറ്റിവയ്ക്കാനും ഞാന്‍ വീണ്ടും കേന്ദ്രത്തോട് അഭ്യര്‍ത്ഥിക്കുകയാണ്. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കേണ്ടത് നമ്മുടെ കടമയാണ്’ എന്നാണ് മമത ട്വീറ്ററില്‍ കുറിച്ചത്.

അതേസമയം സെപ്റ്റംബര്‍ അവസാനത്തോടെ സര്‍വകലാശാലകളിലും കോളേജുകളിലും ടെര്‍മിനല്‍ പരീക്ഷകള്‍ പൂര്‍ത്തിയാക്കണമെന്ന യുജിസി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കെതിരെ പ്രധനാമന്ത്രിയുടെ വീഡിയോ കോണ്‍ഫറന്‍സില്‍ താന്‍ പറഞ്ഞിരുന്നതായും മമതാ ബാനര്‍ജി മറ്റൊരു ട്വീറ്റില്‍ വ്യക്തമാക്കി. ജെഇഇ(മെയിന്‍) പരീക്ഷ സെപ്റ്റംബര്‍ ഒന്നു മുതല്‍ ആറുവരെ നടത്തുമെന്നാണ് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി അറിയിച്ചത്. നീറ്റ് പരീക്ഷ സെപ്റ്റംബര്‍ 13നാണ് നടത്തുക.

Exit mobile version