ചെങ്കോട്ട സംഘര്‍ഷം: മുഖ്യസൂത്രധാരന്‍ ദീപ് സിദ്ദുവിന് ജാമ്യം

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തിലെ ചെങ്കോട്ട സംഘര്‍ഷത്തില്‍ പ്രധാനപ്രതിയും പഞ്ചാബി നടനുമായ ദീപ് സിദ്ദുവിന് ഡല്‍ഹിയിലെ അഡീഷണല്‍ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചു.

പാസ്പോര്‍ട്ട് കെട്ടിവയ്ക്കണം, മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.

അന്വേഷണവുമായി സഹകരിക്കണമെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ നിര്‍ദേശിക്കുന്ന സമയത്ത് ഹാജരാകണമെന്നും അന്വേഷണ ഉദ്യോഗസ്ഥനെ മുന്‍ക്കൂട്ടി അറിയിക്കാതെ മൊബൈല്‍ ഫോണ്‍ നമ്പര്‍ മാറ്റരുതെന്നും കോടതി നിര്‍ദേശം നല്‍കി.

കഴിഞ്ഞ ഫെബ്രുവരി ഒന്‍പതിനാണ് ദീപ് സിദ്ദു അറസ്റ്റിലായത്. കര്‍ഷകരുടെ ട്രാക്ടര്‍ റാലിയുമായി ബന്ധപ്പെട്ടുണ്ടായ ചെങ്കോട്ട സംഘര്‍ഷത്തിലെ മുഖ്യ സൂത്രധാരന്‍ ദീപ് സിദ്ദുവാണെന്നാണ് ഡല്‍ഹി പോലീസിന്റെ ആരോപണം.

റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ നടത്തിയ ട്രാക്ടര്‍ റാലി അക്രമാസക്തമായിരുന്നു.
പഞ്ചാബി നടനും ഗായകനുമായ ദീപ് സിദ്ദും സംഘവുമാണ് അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയതെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.

ചെങ്കോട്ടയില്‍ അക്രമം നടത്തിയതും പതാക ഉയര്‍ത്തിയതും ദീപ് സിദ്ദുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ്. സംഘര്‍ഷത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് കര്‍ഷക സംഘടനകള്‍ വ്യക്തമാക്കിയിരുന്നു.

Exit mobile version